ഒരു സിഗരറ്റ് വലിച്ചാലും അത് ആരോഗ്യത്തിന് ദോഷം തന്നെയാണ്. അല്ലെങ്കില്‍ കഴിക്കുന്നത് ഒരു പെഗ് മദ്യമാണെങ്കിലും അത് ശരീരത്തിലെത്തിക്കുന്നത് വിഷാംശം തന്നെയാണ്. 'ട്രീറ്റ്‌മെന്റ് ഫോര്‍ അഡിക്ഷന്‍' എന്ന വെബ്‌സൈറ്റ് 2014ല്‍ നടത്തിയ പഠനം ഇതിന്‍റെ ഗൗരവം വ്യക്തമാക്കുന്നു
സിഗരറ്റ് വലിക്കുന്നവരാണെങ്കിലും മദ്യപിക്കുന്നവരാണെങ്കിലും മിക്കവാറും എല്ലാവരും തങ്ങളുടെ പ്രവര്‍ത്തിയെ അന്ധമായി ന്യായീകരിക്കുന്നതായി കാണാറുണ്ട്. ഇതിലും അധികം ദുശ്ശീലമുള്ളവര്‍ ഒരു രോഗവും കൂടാതെ ജീവിക്കുന്നുണ്ടല്ലോ എന്നതായിരിക്കും പ്രധാന ന്യായീകരണം.
ഒന്നിനോടും 'അഡിക്ഷന്‍' ഒന്നുമില്ലെങ്കിലും ഇതിനെയെല്ലാം കഷ്ടപ്പെട്ട് ന്യായീകരിക്കാന്‍ മെനക്കെടുന്നവരും കുറവല്ല. ഒരു സിഗരറ്റ് വലിച്ചാല്‍ എന്ത് സംഭവിക്കാനാണ്, ഒരു പെഗ്ഗടിച്ചാല്‍ എന്തുപറ്റും? എന്നിങ്ങനെയെല്ലാം ആയിരിക്കും ഇത്തരക്കാരുടെ ചോദ്യങ്ങള്‍..
എന്നാല്‍ കേട്ടോളൂ, ഒരു സിഗരറ്റ് വലിച്ചാലും അത് ആരോഗ്യത്തിന് ദോഷം തന്നെയാണ്. അല്ലെങ്കില്‍ കഴിക്കുന്നത് ഒരു പെഗ് മദ്യമാണെങ്കിലും അത് ശരീരത്തിലെത്തിക്കുന്നത് വിഷാംശം തന്നെയാണ്. 'ട്രീറ്റ്‌മെന്റ് ഫോര്‍ അഡിക്ഷന്‍' എന്ന വെബ്‌സൈറ്റ് 2014ല്‍ നടത്തിയ ഒരു പഠനമുണ്ട്. മദ്യപാനവും പുകവലിയും മറ്റ് ലഹരികളുടെ ഉപയോഗവും നമ്മുടെ ആയുസ്സിലെ എത്ര സമയം അപഹരിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.
അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' പോലുള്ള അംഗീകൃത സംഘടനകളുടെ കണക്കുകളും, അവര്‍ സൂക്ഷിക്കുന്ന വിവരങ്ങളും ഉപയോഗിച്ചായിരുന്നു ഇവരുടെ പഠനം.
പഠനത്തിന്റെ കണ്ടെത്തല്‍...
പതിനേഴുകളില്‍ വച്ചായിരിക്കും മിക്കവാറും പുരുഷന്മാര്‍ പുകവലി തുടങ്ങുന്നത്. പിന്നീടത് ശീലങ്ങളുടെ ഭാഗമാകുന്നു. ഒരു ശരാശരി വലിക്കാരന് ഓരോ സിഗരറ്റിന് മുകളിലും നഷ്ടമാകുന്നത് ജീവിതത്തില്‍ നിന്ന് 14 മിനുറ്റുകളാണ്. ഇത് ദിവസത്തില്‍ 20 സിഗരറ്റ് വലിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പത്തുവര്‍ഷം നഷ്ടപ്പെടും.
മദ്യപാനത്തിന്റെ കാര്യമാണെങ്കില്‍ അല്‍പം കൂടി സമയം അത് ജീവിതത്തില്‍ നിന്ന് അപഹരിച്ചേക്കും. അതായത് നല്ല രീതിയില്‍ കുടിക്കുന്ന ഒരാളാണെങ്കില്‍ അയാളുടെ ഒരു ഡ്രിങ്ക് 6.6 മണിക്കൂറോളം നഷ്ടപ്പെടുത്തുന്നു. ആകെ മൊത്തം 23 വര്‍ഷത്തിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടാവുക.
കൊക്കെയ്ന്‍ നോര്‍മല്‍ ഡോസ് ആണെങ്കില്‍ 5.1 മണിക്കൂര്‍ നഷ്ടം. ഹെറോയിന്റെ കാര്യത്തില്‍ ഇത് കുറച്ചുകൂടി കൂടുതലാണ്. 22.8 മണിക്കൂറാണ് ഹെറോയിന്‍ അപഹരിക്കുന്നത്. പഠനത്തിനായി പരിഗണിച്ചവയില്‍ ഏറ്റവുമധികം ആയുസ് അപഹരിക്കുന്ന ലഹരിയും ഇതുതന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. ജീവിതത്തിന്റെ ഏതാണ്ട് പകുതിയും ഇതിന്റെ ലഹരിക്കൊപ്പം അങ്ങ് പറന്നുപോകും.
വിവിധ സംഘടനകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്നും എന്നാല്‍ ഈ കണക്കുകള്‍ 100 ശതമാനം എപ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ലെന്നും വെബ്‌സൈറ്റ് അധികൃതര്‍ അന്നേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ വ്യത്യാസം ഈ കണക്കുകളില്‍ നിന്നുണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ ഒപ്പം തന്നെ ഓര്‍മ്മിപ്പിക്കുന്നു.
