സാധാരണഗതിയില്‍ ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ജലദോഷം പിടിപെടാനുള്ള കാരണങ്ങളും നമ്മള്‍ തന്നെ കണ്ടെത്തും.  എന്നാല്‍ ഇത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

നല്ല തോതില്‍ ജലദോഷം വന്ന ഒരാള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പക്ഷാഘാതം സംഭവിക്കാന്‍ പോലും സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ചിലയിനം ജലദോഷം വന്നാല്‍ അത് 40 ശതമാനത്തോളം പക്ഷാഘാതത്തിനുള്ള സാധ്യത തുറക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം വിശദീകരിക്കുന്നതില്‍ സംഘം പരാജയപ്പെട്ടു. പക്ഷാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുപ്പതിനായിരത്തിലധികം രോഗികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് തങ്ങള്‍ നിഗമനത്തിലെത്തിയതെന്ന് ഇവര്‍ വിശദീകരിക്കുന്നു. 

അതേസമയം വാഴ്‌സിറ്റിയില്‍ നിന്നുള്ള മറ്റൊരു സംഘം നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ക്ക് ഇവരുടെ നിഗമനങ്ങളുമായി ബന്ധമുള്ളതായും വിദഗ്ധര്‍ കണ്ടെത്തി. ചിലരില്‍ ജലദോഷത്തെ തുടര്‍ന്ന് കഴുത്തിലെ രക്തക്കുഴലിന് പ്രശ്‌നമുണ്ടാകുന്നുവെന്നും ഇത് രക്തം കട്ട പിടിക്കാന്‍ ഇടയാക്കുന്നുവെന്നുമാണ് വാഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിക്കാനുള്ള ഒരു പ്രധാന കാരണമാണിത്. 

മിക്കവാറും 25 ശതമാനത്തില്‍ കൂടുതലുള്ള പക്ഷാഘാതങ്ങളും 45 വയസ്സിനോട് അടുപ്പിച്ചുള്ളവരിലാണ് വരാറ്. അതിനാല്‍ തന്നെ ഈ രണ്ട് പഠനങ്ങളുടെ നിഗമനങ്ങളും ഉന്നം വയ്ക്കുന്നത് ഈ പ്രായപരിധിയില്‍ പെടുന്നവരെ തന്നെയാണ്. എന്നാല്‍ ഇത് നിര്‍ബന്ധമായും അങ്ങനെ സംഭവിക്കണമെന്നില്ലെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.