വിവാഹത്തെ പറ്റി ആലോചിക്കാനെടുക്കുന്ന സമയം മാത്രമല്ല ഹണിമൂണിനെ കുറിച്ചും സംഘം ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. മിക്കവാറും മൂന്ന് മാസമായിരിക്കുമത്രേ 'യഥാര്‍ത്ഥ' ഹണിമൂണ്‍ കാലം. ഇതിന് ശേഷം ഹണിമൂണ്‍ തുടരണോ വേണ്ടയോ എന്നുള്ളത് പങ്കാളികളുടെ ഇഷ്ടപ്രകാരമായിരിക്കും തീരുമാനിക്കുക 

ജീവിതത്തിലെ മറ്റേത് കാര്യങ്ങളിലും ഉറപ്പോടെയും ആത്മവിശ്വാസത്തോടെയും തീരുമാനങ്ങള്‍ എടുക്കുന്നവര്‍ പോലും വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പസമയം ആലോചനയ്ക്കായി മാറ്റിവയ്ക്കുന്നത് കണ്ടിട്ടില്ലേ? ചിലരാകട്ടെ, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്തും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ എത്ര സമയമായിരിക്കും എടുക്കുന്നത്?

രസകരമായ ഈ ചിന്തയ്ക്ക് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. വര്‍ഷങ്ങളോളം പ്രണയിച്ചവരാണെങ്കില്‍ പോലും വിവാഹത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ ആരും ഒന്ന് ബ്രേക്ക് ചവിട്ടി, ആലോചിച്ച ശേഷം മാത്രമേ തുടര്‍ന്ന് മുന്നോട്ട് നീങ്ങൂവെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ശരാശരി 172 ദിവസങ്ങളാണത്രേ വിവാഹത്തെപ്പറ്റി തീരുമാനത്തിലെത്താന്‍ ഒരു വ്യക്തി എടുക്കുന്നത്. 2000 പേരെ വച്ച് നടത്തിയ സര്‍വേയില്‍ സമാഹരിച്ച അഭിപ്രായങ്ങളനുസരിച്ചാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. വിവാഹത്തെ പറ്റി ആലോചിക്കാനെടുക്കുന്ന സമയം മാത്രമല്ല ഹണിമൂണിനെ കുറിച്ചും സംഘം ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്.

മിക്കവാറും മൂന്ന് മാസമായിരിക്കുമത്രേ 'യഥാര്‍ത്ഥ' ഹണിമൂണ്‍ കാലം. ഇതിന് ശേഷം ഹണിമൂണ്‍ തുടരണോ വേണ്ടയോ എന്നുള്ളത് പങ്കാളികളുടെ ഇഷ്ടപ്രകാരമായിരിക്കും തീരുമാനിക്കുക. അതായത് വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോഴേക്ക് പങ്കാളികള്‍ക്ക് പരസ്പരം രണ്ടുപേരുടെയും സ്വഭാവങ്ങളെ കുറിച്ച്, പ്രത്യേകിച്ചും മോശം ഘടകങ്ങളെ കുറിച്ച് ഒരു ധാരണയാകുമത്രേ. ഈ കാലയളവിന് ശേഷമായിരിക്കും ഇവര്‍ക്കിടയിലെ മനസ്സിലാക്കലുകളും വിട്ടുകൊടുക്കലുകളും വഴക്കുമെല്ലാം വെളിപ്പെടൂവെന്നും വിദഗ്ധര്‍ പറയുന്നു.