Asianet News MalayalamAsianet News Malayalam

അമിതവണ്ണമുള്ള സ്ത്രീക്കോ പുരുഷനോ ക്യാന്‍സര്‍ സാധ്യത കൂടുതല്‍?

കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ലഭ്യമായ കണക്കുകളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. അമിതവണ്ണമുള്ള ആളുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനയുണ്ടായെന്ന് ഇവര്‍ വിലയിരുത്തുന്നു

study says body weight causes cancer especially in women
Author
Washington, First Published Dec 18, 2018, 10:17 PM IST

അമിതവണ്ണവും ക്യാന്‍സറും തമ്മില്‍ ഏറെ അടുപ്പമുണ്ടെന്ന് പറഞ്ഞുകേട്ടിട്ടില്ലേ? അമിതവണ്ണം പല തരത്തിലുള്ള ക്യാന്‍സറുകള്‍ക്കാണ് കാരണമാവുക. എന്നാല്‍ ഇക്കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമോ?

ഇത് സംബന്ധിച്ച് അമേരിക്കയില്‍ നടന്ന പഠനത്തിന്റെ വിശദവിവരങ്ങള്‍ 'ജേണല്‍ ക്യാന്‍സര്‍' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്. അമിതവണ്ണമുള്ളവരില്‍ തന്നെ ക്യാന്‍സര്‍ പിടിപെടാന്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്ന് പഠനം കണ്ടെത്തി. പുരുഷന്മാര്‍ക്കുള്ള സാധ്യതയേക്കാള്‍ ഏതാണ്ട് ഇരട്ടി സാധ്യതയാണ് സ്ത്രീകളിലുള്ളതത്രേ. 

സ്തനാര്‍ബുദമാണ് സ്ത്രീകളെ ഈ കണക്കില്‍ മുന്‍പന്തിയിലെത്തിച്ചത്. പ്രധാനമായും 13 തരം ക്യാന്‍സറുകളാണ് അമിതവണ്ണം മൂലമുണ്ടാവുക. ഇതില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളിലുണ്ടാകുന്ന സ്തനാര്‍ബുദം, കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നിവയാണ് മുന്നിലുള്ളത്.

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണെങ്കില്‍ പുരുഷന്മാരില്‍ അത് കരളിനെ ബാധിക്കുന്ന ക്യാന്‍സറാണ്. ഈ കണക്കുകള്‍ 2030ഓടുകൂടി വര്‍ധിക്കുകയേ ഉള്ളൂവെന്നും പഠനം വിലയിരുത്തുന്നു. 21.7 മില്യണ്‍ പുതിയ ക്യാന്‍സര്‍ കേസുകളും 13 മില്യണ്‍ ക്യാന്‍സര്‍ മരണങ്ങളും 2030ല്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ലഭ്യമായ കണക്കുകളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. അമിതവണ്ണമുള്ള ആളുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനയുണ്ടായെന്ന് ഇവര്‍ വിലയിരുത്തുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലികളിലെ മാറ്റവുമാണ് ഇതിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios