അമിതവണ്ണം പേടിസ്വപ്‌നമല്ലാത്ത ആളുകള്‍ കുറവാണ്. ചിലര്‍ക്ക് അത് അവരുടെ സ്വാഭാവികമായ ശരീരപ്രകൃതമാണെങ്കില്‍ മറ്റുചിലര്‍ക്ക് അത് ജീവിതശൈലികളുടെ ഭാഗമായി കിട്ടുന്നതാണ്. വണ്ണം ശരീരപ്രകൃതമായി ഉള്ളവര്‍ക്ക് അതിന്റെ ഫലമായി അസുഖങ്ങള്‍ ഉണ്ടാകുന്നത് താരതമ്യേന കുറവായിരിക്കും. അതേസമയം ജീവിതശൈലികള്‍ അമിതവണ്ണം സമ്മാനിച്ചവര്‍ക്ക് അതോടൊപ്പം തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. 

വ്യായാമം തന്നെയാണ് ഇതിനുള്ള പ്രധാന പരിഹാരം. അതിരാവിലെ ഉണര്‍ന്ന് നടക്കാനോ ഓടാനോ പോകുന്നത് മുതലങ്ങോട്ട് തുടങ്ങുകയാണ് ആവശ്യമായ വ്യായാമമുറകളുടെ പട്ടിക. വ്യായാമത്തിന്റെ കാര്യം വരുമ്പോള്‍ മിക്കവരും ഉപദേശിക്കുന്നതും ഇതുപോലെ രാവിലെ എണീറ്റ് കസര്‍ത്തുകള്‍ ചെയ്യാനാണ്. 

എന്നാല്‍ പലര്‍ക്കും ഇത് സാധ്യമല്ല. അത്തരം സാഹചര്യങ്ങളില്‍ അവര്‍ വൈകുന്നേരങ്ങള്‍ വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കും. അപ്പോള്‍ അടുത്ത പ്രശ്‌നം തുടങ്ങുകയായി. വൈകീട്ട് വ്യായാമം ചെയ്യുന്നത് ഉറക്കത്തെ ബാധിക്കും, വിശപ്പിനെ ബാധിക്കും എന്നിങ്ങനെയെല്ലാമുള്ള പേടിപ്പിക്കലുകള്‍.

രാവിലെ വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് വലിയ വ്യത്യാസമൊന്നും വൈകീട്ടത്തെ വ്യായാമത്തിനില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. വൈകീട്ട് വ്യായാമം ചെയ്യുന്നവരില്‍ ഉറക്കപ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്ന് പുതിയൊരു പഠനവും വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ ചാള്‍സ് സ്റ്റര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 

വൈകീട്ടത്തെ വ്യായാമം, അത് സൈക്ലിംഗ് ആയാലും ജിമ്മിലെ പരിശീലനമായാലും അതൊന്നും തന്നെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും വിശപ്പിനെ കുറയ്ക്കാന്‍ വൈകീട്ടുള്ള വ്യായാമം സഹായിക്കുമെന്നുമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. രാത്രിയില്‍ വിശപ്പ് മിതപ്പെടുന്നതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും മിതപ്പെടുന്നു. ഇത് വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുന്നു.