മുഴുക്കുടിയനായ അച്ഛന്റെ മകനായാണ് ജനിക്കുന്നതെങ്കില്‍ അവന്‍ വീട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം ഈ ഭീഷണി നേരിടേണ്ടിയും വരും. മിക്കവാറും അമിതമായ ഈ ആശങ്ക തന്നെ അവനെ തെറ്റായ വഴിയില്‍ കൊണ്ടെത്തിക്കുന്നു

മദ്യപാനം പലപ്പോഴും ബന്ധങ്ങളെയും പ്രസന്നമായ കുടുംബാന്തരീക്ഷങ്ങളെയും തകര്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമ്മമാര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി, മക്കള്‍ അച്ഛനെ കണ്ട് പഠിക്കുമോയെന്നതാണ്. 

മുഴുക്കുടിയനായ അച്ഛന്റെ മകനായാണ് ജനിക്കുന്നതെങ്കില്‍ അവന്‍ വീട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം ഈ ഭീഷണി നേരിടേണ്ടിയും വരും. മിക്കവാറും അമിതമായ ഈ ആശങ്ക തന്നെ അവനെ തെറ്റായ വഴിയില്‍ കൊണ്ടെത്തിക്കുന്നു. സാമൂഹികമായി ഒരു വ്യക്തി നേരിടുന്ന അവസ്ഥകള്‍, ജീവിത പരിസരങ്ങള്‍ ഇവയെല്ലാം അയാളുടെ മുന്നോട്ടുള്ള പോക്കിനെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. 

ആണ്‍മക്കളാണെങ്കില്‍ സ്വാഭാവികമായും അച്ഛനെ അനുകരിക്കാനുള്ള ശ്രമം അവനിലുണ്ടാകുന്നു, അവിടെയൊരുപക്ഷേ ചീത്ത ശീലം -നല്ല ശീലമെന്ന വേര്‍തിരിവുണ്ടാകില്ല. പലപ്പോഴും ചീത്ത ശീലത്തിലേക്ക് മാത്രം തിരിയാനും മതി. എന്നാല്‍ സാമൂഹികമായ ഇത്തരം ഘടകങ്ങളെ മറികടക്കുന്ന, അതിന് വശപ്പെടാതെ മുന്നേറുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. അതേസമയം നേരത്തെ പറഞ്ഞ ഘടകങ്ങള്‍ പാരമ്പര്യമായിത്തന്നെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെങ്കിലോ?

അതായത് മദ്യപിക്കാനും പുകവലിക്കാനും ഒരു വ്യക്തിയെ അയാളുടെ പാരമ്പര്യ ഘടകങ്ങളുള്‍ക്കൊള്ളുന്ന ജീനുകള്‍ തന്നെ പ്രചോദിപ്പിക്കുന്ന അവസ്ഥ! യഥാര്‍ത്ഥത്തില്‍ ഇത് സംഭവിക്കുന്നുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഒരുമിച്ച് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ 'നേച്ചര്‍ ജെനറ്റിക്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നിരിക്കുന്നത്. 

മദ്യപാനത്തിന്റെയും പുകവലിയുടെയും കാര്യത്തില്‍ ചിലരില്‍ പാരമ്പര്യ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതേ പാരമ്പര്യ ഘടകങ്ങള്‍ വിവിധ അസുഖങ്ങളുടെ കാര്യത്തിലും ഇത്തരത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് ഗവേഷരുടെ കണ്ടത്തല്‍. 

'പുകവലിക്കുന്ന ശീലം പാരമ്പര്യമായി കിട്ടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് പാരമ്പര്യമായി ചില അസുഖങ്ങളും കൈമാറിക്കിട്ടാന്‍ സാധ്യതകളുണ്ട്. അമിതവണ്ണം, പ്രമേഹം, എഡിഎച്ച്ഡി, ചില മാനസിക പ്രശ്‌നങ്ങള്‍... അങ്ങനെയെല്ലാം. അതേസമയം മദ്യപിക്കുന്ന ശീലം പാരമ്പര്യമായി കിട്ടിയ ആളെ സംബന്ധിച്ച് അയാള്‍ക്ക് മുന്‍തലമുറയില്‍ നിന്ന് ലഭിക്കുന്ന അസുഖങ്ങളുടെ എണ്ണം കുറവായിരിക്കും. എന്നുവച്ച് പാരമ്പര്യമായി മദ്യപാനശീലം കൈമാറിക്കിട്ടുന്നത് നല്ലതാണെന്നല്ല പറയുന്നത്. ഈ വൈരുദ്ധ്യങ്ങളൊക്കെ കൂടുതല്‍ പഠനത്തിന് വിധേയമാകേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കണമെങ്കില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണ്'- ഗവേഷകനായ ക്രിസ്റ്റ്യന്‍ ഹ്വീം പറയുന്നു. 

പല രാജ്യങ്ങളില്‍ ജീവിക്കുന്ന, പല വയസ്സിലുള്ള, പല ജീവിതരീതികളിലുള്ള നിരവധി പേരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയത്. സംസ്‌കാരവും, ജീവിതാന്തരീക്ഷവുമെല്ലാം മാറുന്നതിന് അനുസരിച്ച് ലഹരിക്ക് അടിപ്പെടുത്തുന്ന പാരമ്പര്യഘടകങ്ങളുടെ അളവിലും ഏറ്റക്കുറച്ചിലുള്ളതായി ഇവര്‍ കണ്ടെത്തി.