പ്രതിസന്ധിയിലോ ആപത്തിലോ പെടുന്ന സുഹൃത്തുക്കള്‍ ആദ്യം നിങ്ങളെയാണോ വിളിക്കാറ്? സ്വന്തം അവസ്ഥയെന്തെന്ന് ചിന്തിക്കാതെ അവരെ സഹായിക്കാന്‍ നിങ്ങള്‍ ഓടിയിറങ്ങാറുണ്ടോ? പ്രിയപ്പെട്ടവര്‍ കരയുമ്പോള്‍ അവര്‍ക്ക് ചാരാന്‍ തോള് നല്‍കാറുണ്ടോ? അസുഖമായിരിക്കുന്ന സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിടാനോ മരുന്ന് വാങ്ങാനോ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ചെലവഴിക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ നന്മയുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണെന്ന് പറയാം. 

എന്നാല്‍ ഇത്തരക്കാരെ കാത്ത് നിശബ്ദനായി ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. മറ്റൊന്നുമല്ല, നന്മയോടും കാരുണ്യത്തോടും മാത്രം ജീവിക്കുന്നവരിലാണത്രേ വിഷാദരോഗം പിടിപെടാനുള്ള സാധ്യതകളേറെയുള്ളത്. 

'നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ചിന്തിച്ച് ജീവിക്കുന്നവരെ അപേക്ഷിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ തന്റേത് കൂടിയാണെന്ന് കരുതുന്നവരെയാണത്രേ വിഷാദരോഗം ആദ്യം പിടികൂടുക. 

മുന്നൂറിലധികം പേരെ ഉപയോഗിച്ചാണ് മനശാസ്ത്ര വിദഗ്ധരുടെ സംഘം ഈ പഠനം നടത്തിയത്. പഠനസംഘം ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. മറ്റുള്ളവരെ സഹായിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവരുടെ തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് വൈദ്യസഹായത്തോടെ വിലയിരുത്തിയാണ് സംഘം തങ്ങളുടെ നിഗമനത്തിലെത്തിയത്. ഇതിന് പുറമെ പഠനസംഘം നല്‍കിയ ചോദ്യാവലിയോടുള്ള ഇവരുടെ പ്രതികരണവും നിഗമനത്തിലെത്താന്‍ സഹായിച്ചു. 

എന്നാല്‍ ഇതിന് പിന്നിലുള്ള കാരണമെന്തെന്ന് പഠനസംഘത്തിന് വിശദീകരിക്കാനായില്ല. അതേസമയം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ ഓരോരുത്തരും സ്വയം സന്നദ്ധരാവുകയാണെന്നും അത്തരത്തില്‍ അല്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാനാകില്ലെന്നും പഠനം വിശദീകരിക്കുന്നു.