ആണ്‍-പെണ്‍ വ്യത്യാസത്തെ കുറിച്ച് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ  മനസ്സിലാക്കുന്നു. അപ്പോള്‍ മുതല്‍ എതിര്‍ ലിംഗത്തോട് നിശ്ചിത അകലം പാലിച്ചുതുടങ്ങുന്നു. എന്നാല്‍ ഈ പ്രവണത നമ്മുടെ ജീവിതത്തെ എത്തരത്തിലാണ് ബാധിക്കുന്നത്?

ഒരാളുടെ വ്യക്തിത്വരൂപീകരണത്തിന്റെ ഏറെക്കുറെ പങ്കും അയാളുടെ ചെറുപ്പകാലത്ത് തന്നെ നടക്കുന്നുവെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സമൂഹവുമായി ബന്ധപ്പെടുന്ന ഓരോന്നിനെയും നമ്മള്‍ തിരിച്ചറിയുകയും മനസ്സില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ രേഖപ്പെടുത്തിയ പലതും പിന്നീട് പൊളിച്ചുകളയാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. 

ആണ്‍-പെണ്‍ വ്യത്യാസത്തിന്റെ കാര്യവും അതുപോലെ തന്നെയാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ഈ വ്യത്യാസം മനസ്സിലാക്കുന്നു. അപ്പോള്‍ മുതല്‍ എതിര്‍ ലിംഗത്തോട് നിശ്ചിത അകലം പാലിച്ചുതുടങ്ങുന്നു. എന്നാല്‍ ഈ പ്രവണത നമ്മുടെ ജീവിതത്തെ എത്തരത്തിലാണ് ബാധിക്കുന്നത്? ഇത് നല്ലരീതിയിലാണോ മോശമായ രീതിയിലാണോ ജീവിതത്തെ ബാധിക്കുന്നത്? 

'സിഎന്‍എന്‍' റിപ്പോര്‍ട്ട് ചെയ്ത ഒരു പഠനം പറയുന്നത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കളിസ്ഥലങ്ങളിലേക്ക് പറഞ്ഞയയ്ക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ്. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ നമ്മള്‍ മക്കളെ വേര്‍തിരിച്ച് ഇരുത്തി ശീലിപ്പിക്കുകയാണ്. അത് കളിസ്ഥലങ്ങളിലാണ് ഏറ്റവുമധികം പ്രതിഫലിക്കാറ്. എന്നാല്‍ പരസ്പരം മനസ്സിലാക്കി വളരാനും പരസ്പരം ബഹുമാനിക്കാനും സ്‌നേഹിക്കാനുമെല്ലാം ഒരുമിച്ചുള്ള സമയങ്ങള്‍ ഉപകാരപ്പെടുമെന്നാണ് പഠനം പറയുന്നത്. 

ജൈവികമായ വ്യത്യാസങ്ങളൊഴികെയുള്ള ആണ്‍-പെണ്‍ ഭേദങ്ങള്‍ മിക്കവാറും സാംസ്‌കാരികമാണെന്നും ഈ വേര്‍തിരിവ് ആരോഗ്യകരമായ ജീവിതത്തെ ബാധിക്കുമെന്നും പഠനം അഭിപ്രായപ്പെടുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം കളിസ്ഥലങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മത്സരബുദ്ധിയും, ധൈര്യവും വളര്‍ത്തിയെടുക്കാനാകുന്നു. തിരിച്ച് ആണ്‍കുട്ടികള്‍ക്ക് വൈകാരികമായ പാകത നേടാനും ഇത് സഹായിക്കുന്നു- പഠനം പറയുന്നു. 

വളര്‍ന്നുവരുമ്പോള്‍, കരിയറിലാണെങ്കിലും വ്യക്തിജീവിതത്തിലാണെങ്കിലും ഇത്തരത്തില്‍ ഒരുമിച്ച് വളര്‍ന്നവര്‍ മുന്നിട്ടുനില്‍ക്കുമത്രേ. കാരണം പരസ്പരം ആളുകളെ മനസ്സിലാക്കുന്ന കാര്യത്തില്‍ ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുന്നിലായിരിക്കും. ആണ്‍ മനശാസ്ത്രം- പെണ്‍ മനശാസ്ത്രം എന്ന വേര്‍തിരിവ് എങ്ങനെ ഉണ്ടാകുന്നുവെന്നത് തിരിച്ചറിയാന്‍ വരെ അവര്‍ വ്യക്തത നേടുന്നു. പരസ്പരം ചിന്തകള്‍ പങ്കുവയ്ക്കാനും തുറന്ന് ചര്‍ച്ചകള്‍ നടത്താനും അവര്‍ തയ്യാറാകുന്നു. ഇത് സ്വാഭാവികമായും സമൂഹത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു.