പകല്‍സമയം ജോലിയിലോ മറ്റ് കാര്യങ്ങളിലോ മുഴുകിയ ശേഷം വൈകുന്നേരമോ രാത്രിയോ ഒക്കെയാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പലപ്പോഴും നമ്മള്‍ സമയം കണ്ടെത്താറ്. എന്നാല്‍ നീണ്ട മണിക്കൂറുകളുടെ തിരക്കില്‍ നിന്ന് നേരെ ഓണ്‍ലൈന്‍ ലോകത്തേക്കാണ് ഈ സമയങ്ങളില്‍ നമ്മള്‍ കാലെടുത്ത് വയ്ക്കുന്നത്. 

ഈ ശീലം 'ആരോഗ്യ'ത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ഓര്‍മ്മിപ്പിക്കുന്നത്. ഈ ശീലം നല്ലതല്ലെന്ന് മാത്രമല്ല, പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിച്ചേ പറ്റൂവെന്നും പഠനം നിര്‍ദേശിക്കുന്നു. പങ്കാളിയുമായി എത്ര സമയം ചിലവഴിക്കുന്നുവെന്നതിന് അനുസരിച്ചാണത്രേ നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കിടക്കുന്നത്. എന്നാല്‍ പങ്കാളിയുമായി ചെലവഴിക്കുന്ന സമയം മുഴുവന്‍ സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണമെന്ന ഒരു നിബന്ധന കൂടി ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

പങ്കാളിയുമായി പങ്കുവയ്ക്കുന്ന സ്‌നേഹപൂര്‍ണ്ണമായ സമയം സമ്മര്‍ദ്ദങ്ങളില്‍ നിന്ന് നമ്മളെയകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഇത് ഗുണകരമാകുമെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍. 'സ്‌ട്രെസ്' ആണ് മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട പല അസുഖങ്ങളെയും ഉണ്ടാക്കുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. 

അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഡോ. സാറ സ്റ്റാണ്‍ടണ്‍, ഡോ. എേ്രമ സെല്‍കുക്ക്, ഡോ. അലിസണ്‍.കെ.. ഫാരെല്‍, ഡോ. റിച്ചാര്‍ഡ് സ്ലാച്ചര്‍, ഡോ. ആന്തണി.ഡി.ഓംഗ് എന്നിവരാണ് അഞ്ച് വര്‍ഷം നീണ്ട പഠനത്തിന് നേതൃത്വം നല്‍കിയത്.