അമ്മമാര്‍ക്കും മക്കളുടെ പ്രണയബന്ധങ്ങള്‍ക്കും ഇടയില്‍ ചില സമാനതകള്‍ ഉണ്ടെന്നാണ് ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഏഴായിരത്തിലധികം പേരുടെ അനുഭവങ്ങളെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സംഘം നിഗമനത്തിലെത്തിയത്

പ്രണയവുമായി മാതാപിതാക്കള്‍ക്ക് ആകെയുള്ള ബന്ധം അത് വിവാഹത്തില്‍ കലാശിക്കുമ്പോള്‍ സമ്മതം മൂളണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ് എന്നതാണല്ലോ അല്ലേ? അങ്ങനെ പ്രണയത്തിന്റെ ഒടുക്കത്തില്‍ മാത്രം കഥയില്‍ വേഷമുള്ളവര്‍ മാത്രമല്ല മാതാപിതാക്കളെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് അമ്മമാര്‍. 

അമ്മമാര്‍ക്കും മക്കളുടെ പ്രണയബന്ധങ്ങള്‍ക്കും ഇടയില്‍ ചില സമാനതകള്‍ ഉണ്ടെന്നാണ് ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അമ്മമാര്‍ക്ക് ബന്ധങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവ് എത്രമാത്രം ഉണ്ടോ, അത് മക്കളുണ്ടാക്കുന്ന ബന്ധങ്ങളെയും സ്വാധീനിക്കുമത്രേ. 

ഏഴായിരത്തിലധികം പേരുടെ അനുഭവങ്ങളെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സംഘം നിഗമനത്തിലെത്തിയത്. എത്ര പേരെ അമ്മ പ്രണയിച്ചിട്ടുണ്ടോ, അത്രയോ അതിലധികമോ പേരെ മക്കളും പ്രണയിച്ചേക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് എല്ലാവരുടെ കാര്യത്തിലും ഒരുപോലെ ആയിരിക്കില്ലെന്നും സംഘം ഓര്‍മ്മിപ്പിക്കുന്നു. 

'ഒരുപാട് പേരുമായി ബന്ധം സ്ഥാപിക്കുന്നുവെന്നത് ഒരാളുടെ അടിസ്ഥാനപരമായ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. അത് കുട്ടികളിലും അതുപോലെ പ്രകടമാകാന്‍ സാധ്യതയുണ്ട്.'- പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.ക്ലെയര്‍ കാംപ് പറയുന്നു. 

അതേസമയം ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ പഠനസംഘത്തിനായിട്ടില്ല. കുട്ടികള്‍ ആദ്യം അമ്മയെ നോക്കിയാണ് എല്ലാ കാര്യങ്ങളിലും മാതൃക കണ്ടെത്തുന്നതെന്നും ഇത്, ഈ വിഷയത്തിലും സ്വാധീനമുണ്ടാക്കിയേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. വിവാഹമോചനം കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുന്നത് പോലെ തന്നെയാണ് ഇതുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.