യഥാര്‍ത്ഥത്തില്‍ ഇങ്ങനെ എപ്പോഴും 'ടെക്സ്റ്റിംഗ്' നടത്തുന്നത് നല്ലതാണോ? അല്ലെങ്കില്‍ എന്താണ് ഇതിന്‍റെ ദോഷഫലങ്ങള്‍? ഓരോരുത്തരുടെയും 'ടെക്സ്റ്റിംഗ് സ്റ്റൈല്‍' അടിസ്ഥാനപ്പെടുത്തിയേ ഇതിനെല്ലാമുള്ള ഉത്തരം പറയാനാകൂവെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്

ഭക്ഷണം കഴിച്ചോ?... ഉറങ്ങിയെഴുന്നേറ്റോ?.... എന്തുചെയ്യുന്നു?... എന്ന് തുടങ്ങി ഒരു കെട്ട് ചോദ്യങ്ങളുണ്ടാകും പ്രണയിക്കുന്നവര്‍ക്ക് ഒരു ദിവസത്തില്‍ പരസ്പരം ചോദിക്കാന്‍. 90% കാമുകി-കാമുകന്മാരും എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇപ്പോഴാണെങ്കില്‍ ഇതിന് ടെക്നോളജിയുടെ സര്‍വസഹായങ്ങളും ലഭ്യമാണ്. 'ടെക്സ്റ്റിംഗ്' തന്നെയാണ് ഒരു പ്രധാന മാര്‍ഗ്ഗം. ഫേസ്ബുക്കോ വാട്ട്സ്ആപ്പോ മറ്റേതെങ്കിലും സോഷ്യല്‍ ആപ്പോ ഒക്കെ ഇതിനായി ഉപയോഗിക്കുന്നു. 

യഥാര്‍ത്ഥത്തില്‍ ഇങ്ങനെ എപ്പോഴും 'ടെക്സ്റ്റിംഗ്' നടത്തുന്നത് നല്ലതാണോ? അല്ലെങ്കില്‍ എന്താണ് ഇതിന്‍റെ ദോഷഫലങ്ങള്‍? ഓരോരുത്തരുടെയും 'ടെക്സ്റ്റിംഗ് സ്റ്റൈല്‍' അടിസ്ഥാനപ്പെടുത്തിയേ ഇതിനെല്ലാമുള്ള ഉത്തരം പറയാനാകൂവെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ ബ്രിംഗ്ഹാം യംഗ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയത്. 

പ്രണയമുള്ള മുന്നൂറോളം ചെറുപ്പക്കാരോട് വിവിധ ചോദ്യങ്ങള്‍ ചോദിച്ച്, അവരുടെ പ്രതികരണവും, തുടര്‍ന്ന് അവരുടെ പെരുമാറ്റങ്ങളും വിലയിരുത്തിയാണ് ഗവേഷകസംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഇവരില്‍ 82% പേരും ദിവസത്തില്‍ പല തവണകളിലായി പങ്കാളികള്‍ക്ക് 'ടെക്സ്റ്റ്' അയക്കുന്ന ശീലമുള്ളവരാണ്. മിക്കവരും ബന്ധത്തെ പിടിച്ചുനിര്‍ത്തുന്ന ഒന്നായാണ് ടെക്സ്റ്റിംഗിനെ കാണുന്നത് തന്നെ. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഇതിനെ കാണുന്നവരും കുറവല്ല. ഇനി, ഇക്കാര്യത്തിലുമുണ്ട് സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം. 

ബന്ധത്തില്‍ അത്രമാത്രം ആത്മവിശ്വാസമില്ലാത്ത സ്ത്രീകളാണത്രേ എപ്പോഴും 'ടെക്സ്റ്റ്' അയച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ടെക്സ്റ്റിംഗിലൂടെ ഒരേസമയം വഴക്കുണ്ടാക്കുകയും, അത് പരിഹരിക്കാന്‍ ശ്രമിക്കുകയും, ക്ഷമ ചോദിക്കുകയും ഒക്കെ ചെയ്യുന്നു. 

പുരുഷന്മാരുടെ കാര്യമാണെങ്കില്‍, പങ്കാളികള്‍ എത്ര 'ടെക്സ്റ്റ്' അയച്ചാലും അത് സ്വീകരിക്കാനും വായിക്കാനും മിക്കവര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ കുത്തിയിരുന്ന് അങ്ങോട്ട് ടെക്സ്റ്റുകള്‍ അയക്കുന്നവര്‍ തങ്ങളുടെ ബന്ധത്തില്‍ അത്ര തൃപ്തരല്ലെന്നാണ് പഠനം വിലയിരുത്തുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ 'ടെക്സ്റ്റിംഗ്' ആണ് സുരക്ഷിതമെന്ന് കരുതിയാണത്രേ ഇവര്‍ ഇതിനെ ആശ്രയിക്കുന്നത്. ഇത്തരക്കാരുടെ ബന്ധം വിശ്വാസത്തിലെടുക്കുന്നത് ഒന്ന് കരുതി മാത്രം മതിയെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. 

ഏറ്റവും ശ്രദ്ധേയമായ മറ്റൊരു സംഗതി പഠനത്തില്‍ പങ്കെടുത്ത എല്ലാവരും തങ്ങളുടെ പ്രണയം സീരിയസാണെന്ന് ഉറപ്പിച്ച് പറയുന്നവരായിരുന്നു എന്നതാണ്. 16% പേര്‍ വിവാഹിതരായിരുന്നു. 46% പേര്‍ എന്‍ഗേജ്ഡും, 38% പേര്‍ കാര്യമായ പ്രണയത്തിലുമാണ്. 

'ടെക്സ്റ്റിംഗ്' അത്ര ബോറന്‍ പരിപാടിയല്ലെന്ന് തന്നെയാണ് പഠനം അവസാനം വിലയിരുത്തുന്നത്. എന്നാല്‍ അമിതമായ 'ടെക്സ്റ്റിംഗ്' അത്ര നല്ലതല്ലെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. പങ്കാളിയെ സന്തോഷിപ്പിക്കുന്നതോ പ്രചോദനം നല്‍കുന്നതോ ആയ മെസേജുകള്‍ അയക്കുന്നത് ബന്ധത്തെ ഊഷ്മളമാക്കുമെന്നും അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് ആരോഗ്യകരമല്ലെന്നും പഠനം പറയുന്നു.