ഫ്ളേവേഡ് കോണ്ടങ്ങളുടെ വില്‍പനയും  'ലവ് മേക്കിംഗ് ഫര്‍ണിച്ചര്‍' വില്‍പനയും ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലൈംഗിക ജീവിതത്തെ കുറിച്ചും, സുരക്ഷിതമായ ലൈംഗികതയെ കുറിച്ചും ഇന്ത്യക്കാര്‍ക്കുള്ള ധാരണക്കുറവ് പഴയതിലധികം രൂക്ഷമായിട്ടുണ്ടെണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്

ലൈംഗികതയെ പറ്റി പരസ്യവും രഹസ്യവുമായി ഏറെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഇന്ത്യന്‍ ജനത ലൈംഗിക ജീവിതത്തെ ഉള്‍ക്കൊള്ളുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'യു ഗവ്' (You Gov) നടത്തിയ സര്‍വേ നല്‍കുന്നത്.

ഫ്ളേവേഡ് കോണ്ടങ്ങളുടെ വില്‍പനയും 'ലവ് മേക്കിംഗ് ഫര്‍ണിച്ചര്‍' വില്‍പനയും ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലൈംഗിക ജീവിതത്തെ കുറിച്ചും, സുരക്ഷിതമായ ലൈംഗികതയെ കുറിച്ചും ഇന്ത്യക്കാര്‍ക്കുള്ള ധാരണക്കുറവ് പഴയതിലധികം രൂക്ഷമായിട്ടുണ്ടെണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. 18ന് മുകളില്‍ പ്രായമുള്ള ആയിരത്തിലധികം ഇന്ത്യക്കാരെ പങ്കെടുപ്പിച്ചായിരുന്നു 'യു ഗവ്' സര്‍വേ നടത്തിയത്. ലൈംഗിക സുരക്ഷയെ പറ്റി തന്നെയായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. 

ഗര്‍ഭനിരോധനവും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങളുമായിരുന്നു ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമായ രണ്ട് പ്രധാന വിഷയങ്ങള്‍. ആകെ സര്‍വേയില്‍ പങ്കെടുത്തവരില്‍ കേവലം 15% പേര്‍ക്ക് മാത്രമാണ് ഗര്‍ഭനിരോധനത്തിന് കഴിക്കുന്ന ഗുളികകളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ബോധ്യമുള്ളത്. മുൻകരുതലുകളെടുക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ഗര്‍ഭനിരോധനത്തിനായി കഴിക്കുന്ന ഇത്തരം ഗുളികകള്‍ കടുത്ത ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ സൃഷ്ടിക്കുക. ഈ ഗുരുതരമായ പ്രശ്നത്തെ കുറിച്ച് മുക്കാല്‍ പങ്കിലധികം പേരും ബോധവത്കരിക്കപ്പെട്ടിട്ടില്ല. 

അതേസമയം ഗര്‍ഭനിരോധനത്തിനായി പുരുഷന്മാര്‍ ഗുളികകള്‍ കഴിക്കണോയെന്ന ചോദ്യത്തിന്, വേണമെന്ന ഉത്തരമാണ് 75% പേരും നല്‍കിയത്. ഫാമിലി പ്ലാനിംഗ് സ്ത്രീയുടെ മാത്രം ബാധ്യതയാകാതിരിക്കാനാണ് ഈ അഭിപ്രായമെന്നും ഇവര്‍ രേഖപ്പെടുത്തുന്നു. 

വിവാഹത്തിന് മുന്പുള്ള ലൈംഗികതയെ അംഗീകരിക്കാത്ത സമൂഹമായതിനാല്‍ തന്നെ അത്തരം ലൈംഗികബന്ധങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ചികിത്സയ്ക്കുള്ള അവസരം പോലും നല്‍കുന്നില്ലെന്നും ഇതിനാല്‍ അശാസ്ത്രീയമായ സ്വയം ചികിത്സകളിലേക്ക് ആളുകളെത്തുന്നുവെന്നും സര്‍വേ സൂചിപ്പിക്കുന്നു. 

ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഭിക്കുന്ന ഗര്‍ഭനിരോധന ഗുളികകള്‍ ധാരാളം വാങ്ങിക്കഴിക്കുന്നതിനും ഈ സാമൂഹിക സാഹചര്യം ആളുകളെ നിര്‍ബന്ധിതരാക്കുന്നു. ഇത്തരം ഗുളികകള്‍ വിറ്റഴിക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വിപണി ഇന്ത്യയുടേതാണ് എന്ന സത്യവും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഈ ഗുളികകള്‍ ഉണ്ടാക്കുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചുരുക്കം ആളുകള്‍ മാത്രമേ അന്വേഷിക്കുന്നുള്ളൂ. 

ഗര്‍ഭനിരോധന ഉപാധിയായി കോണ്ടം ഉപയോഗിക്കുന്നത് ഏതാണ്ട് 60% പേരാണ്. പലരും സുരക്ഷിതത്വത്തിന് വേണ്ടി അവലംബിക്കുന്നത് തികച്ചും അശാസ്ത്രീയമായ ലൈംഗിക ജീവിതമാണ്. രതിമൂര്‍ച്ഛയെത്തും മുന്പേ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചും, പരിപൂര്‍ണ്ണമായ സംഭോഗത്തിലേര്‍പ്പെടാതെയും സുരക്ഷ തേടുന്നത് 35% പേരാണ്. ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പിച്ച് ആ ദിവസങ്ങളെ സുരക്ഷിത ദിവസങ്ങളായി കണക്കാക്കുന്നത് 34% പേരാണ്. വളരെ അരക്ഷിതവും, അപകടകരവുമായ ബോധങ്ങള്‍ ലൈംഗികതയെ പറ്റി വച്ചുപുലര്‍ത്തുന്നവരും ധാരാളം. 

ലൈംഗികതയെ കുറിച്ചുള്ള കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനപരമായ പ്രശ്നമെന്നും സര്‍ക്കാര്‍ ഇതില്‍ വേണ്ട വിധത്തിലുള്ള ബോധവത്കരണം നല്‍കുകയാണ് വേണ്ടതെന്നും സര്‍വേ നിര്‍ദേശിക്കുന്നു.