പുരുഷൻമാരിലെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട ഗ്രന്ഥിയാണ്​ പ്രോസ്റ്റേറ്റ്​. കുറേയേറെ ചെറുഗ്രന്ഥികളുടെ സമുച്ചയമാണ് പ്രോസ്​റ്റേറ്റ്​ എന്നുപറയാം. മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് ഇതി​ന്‍റെ സ്ഥാനം. ദീര്‍ഘനാള്‍ സൌമ്യമായി പ്രവര്‍ത്തിക്കുമെങ്കിലും മധ്യവയസ്സ് പിന്നിടുമ്പോഴാണ് മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുമായി ഗ്രന്ഥിയിൽ പ്രശ്​നങ്ങൾ തുടങ്ങുന്നത്​. പുരുഷൻമാരിൽ കാൻസർ ബാധിക്കുന്ന അവയവങ്ങളിലൊന്ന്​ കൂടിയാണ്​ ഇത്​. 

എന്താണ് പ്രോസ്​റ്റേറ്റ് കാൻസര്‍ ? 

പുരുഷന്മാരില്‍ വ്യാപകമായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്​റ്റേറ്റ് കാന്‍സര്‍. 65 വയസിനുമുകളില്‍ പ്രായമുള്ളവരിലാണ് ​പ്രോസ്​റ്റേറ്റ്​ കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50–60 വയസ്സുള്ളവരിലും കണ്ടുവരുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് ഇവ പ്രോസ്​റ്റേറ്റ്​ കാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.

ലക്ഷണങ്ങള്‍

മിക്കവരിലും പ്രോസ്​റ്റേറ്റ്​ കാന്‍സറി​ന്‍റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും പുറത്തുകാണാറില്ല. ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ പ്രവണത, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നൽ, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഗ്രന്ഥിവീക്കത്തി​ന്‍റെയും പ്രോസ്​റ്റേറ്റ് കാന്‍സറിന്‍റെയും ലക്ഷണങ്ങള്‍ പലതും ഒന്നുതന്നെയായതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്.

ഗ്രന്ഥിക്കകത്ത് ഒതുങ്ങിനില്‍ക്കുന്നവ, ഗ്രന്ഥിക്കുചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, പുറത്തേക്ക്​ വ്യാപിച്ചവ എന്നിങ്ങനെ പ്രോസ്​റ്റേറ്റ്​ കാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് അര്‍ബുദങ്ങള്‍പോലെതന്നെ ലിംഫ്നോഡുകള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍, ശ്വാസകോശം, വന്‍കുടല്‍ എന്നീ അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ പ്രോസ്​റ്റേറ്റ് കാന്‍സര്‍മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. 

രോഗനിർണയം എങ്ങനെ? 

വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തി​ന്‍റെ മറ്റ് ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി തീരുകയും ചെയ്യുന്നു. എന്നാല്‍, രോഗിയെ ഉടന്‍ ചികിത്സയ്‌ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടർക്ക്​ ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.
പ്രോസ്​റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്​റ്റേറ്റ്​ കാന്‍സര്‍ വളരുന്നത്.

പ്രോസ്​റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്​റ്റേറ്റ് കാന്‍സര്‍. മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, ഇവയുടെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ്​ ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനുമേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും. സാധാരണ രക്​തമെടുത്ത്​ നടത്തുന്ന പ്രോസ്​റ്റേറ്റ്​ സ്​പെസിഫിക്​ ആൻറിജൻ (പി.എസ്​.എ) പരിശോധനയാണ്​  രോഗനിർണയത്തിനായി നടത്തുന്നത്​. ഇത്​ 50 വയസ്​ മുതൽ നടത്തുന്നത്​ നല്ലതാണ്​. പി.എസ്​.എയുടെ അളവ്​ നിശ്​ചിത അളവിലും കൂടുതലാണെങ്കിൽ മറ്റ്​ രോഗനിർണയ ഉപാധികൾ സ്വീകരിക്കണം.  

ചികിത്സാരീതികൾ: 

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍ നിലവിലുണ്ട്​. രോഗിയുടെ ആരോഗ്യവും രോഗാവസ്​ഥയും വിലയിരുത്തി വിദഗ്​ദ ഡോക്​ടർ ആണ്​ ചികിത്സ നിർദേശിക്കുക. സാധാരണ സ്വീകരിക്കുന്ന ചികിത്സാരീതികൾ: 

* റേഡിയേഷന്‍ തെറാപ്പി
* ഹോര്‍മോണ്‍ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സര്‍ജറി
* കീമോതെറാപ്പി

ആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്​റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്‍റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും.