ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തത്  മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നു.

മൂത്രശങ്ക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. പലപ്പോഴും യാത്രകളിലും ജോലിസ്ഥലങ്ങളിലുമൊക്കെ വേണ്ടത്ര ടോയ്‌ലറ്റുകള്‍ ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണം. ജോലിസ്ഥലങ്ങളിലും, പൊതുയിടങ്ങളിലും ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തത് മൂത്രശങ്ക ഉണ്ടായാലും മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ കൃത്യസമയത്ത് മൂത്രമൊഴിക്കാത്തത് അണുബാധയ്ക്കും മൂത്രത്തില്‍ കല്ല് തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. 

ഇത്തരത്തില്‍ കൃത്യസമയത്ത് മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നത് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രികളെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളില്‍ മൂത്രനാളവും യോനിനാളവും തമ്മിലുള്ള അകലക്കുറവും മൂത്രനാളിയുടെ നീളക്കുറവുമാണ് മൂത്രാശയരോഗങ്ങള്‍ പെട്ടെന്ന് പിടിപെടാനുള്ള കാരണം.

പനി, ശരീരത്തിനുണ്ടാകുന്ന വിറയല്‍, മൂത്രമൊഴിക്കുമ്പോള്‍ നീറ്റലുണ്ടാകുക, ഇടക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ തോന്നുക, എന്നിവയാണ് മൂത്രാശയ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളില്‍ തോന്നുന്ന അമിതമായ മൂത്രശങ്ക ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുള്ളതായി വിദഗ്ധര്‍ പറയുന്നു.

അടിവയറ്റിലെ വേദന കൂടുതലാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഇവ ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാന്‍ സാധ്യതയുണ്ട്.