പെട്ടെന്നൊരുനാള്‍ അര്‍ബുദത്തിന്റെ പിടിയിലാണ് താന്‍ എന്ന് സ്വയം തിരിച്ചറിയുക. പിന്നീടുള്ള ദിവസങ്ങളെല്ലാം ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള പോരാട്ടത്തിലാവുക, മരുന്നിനും ചികിത്സയ്ക്കും മാറ്റാനാകാത്ത വേദനയിലൂടെ കടന്നുപോവുക... ഓരോ തവണയും തന്റെ നെഞ്ചിലവശേഷിച്ച മുറിപ്പാട് കാണുമ്പോള്‍ ടീന ലിമിക്‌സിന് ഇതെല്ലാം ഓര്‍മ്മ വരും.

കാനഡയിലെ സെന്റ് ജോണ്‍ സ്വദേശിയായ ടീന, 2014ല്‍ മുപ്പത്തിമൂന്നാം വയസ്സിലാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളെടുത്തു, രോഗത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മോചിതയാകാന്‍. എങ്കിലും അനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും ഓര്‍മ്മ വരുമ്പോഴൊക്കെ അവര്‍ സ്വയം നടുങ്ങി. 

ആ ഓര്‍മ്മയില്‍ നിന്ന് ഓടിയകലാന്‍ എന്ത് വഴിയുണ്ടെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നപ്പോഴാണ് മുറിപ്പാടുകളില്‍ ടാറ്റൂ ചെയ്യുന്നതിനെ കുറിച്ച് അറിഞ്ഞത്. ഇതില്‍ പ്രത്യേക കഴിവ് തെളിയിച്ച ഒരു ഡിസൈനറെയും ടീന കണ്ടെത്തി. വൈകാതെ നെഞ്ചില്‍, യാതനകളുടെ പോയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന മുറിപ്പാടുകളില്‍ പൂക്കള്‍ വിരിഞ്ഞു. വിതറിക്കിടക്കുന്ന നിറങ്ങള്‍ക്കിടയില്‍ പഴയ അടയാളങ്ങള്‍ ടീനയ്ക്ക് പോലും കണ്ടുപിടിക്കാനാകാത്ത വിധം മറഞ്ഞുപോയി. 

ടീനയുടെ മാത്രം കഥയല്ല ഇത്, എത്രയോ സ്ത്രീകള്‍ സ്തനാര്‍ബുദത്തെ അതിജീവിച്ച ശേഷം ആ പാടുകളെ മറയ്ക്കാനായി ടാറ്റൂ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ടാറ്റൂ ചെയ്യാന്‍ വേണ്ടി മാത്രം പ്രത്യേക കേന്ദ്രങ്ങള്‍ വരെ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്...

മുറിവുകളില്‍ വസന്തം വിടരുമ്പോള്‍...

സ്തനാര്‍ബുദത്തെ തുടര്‍ന്നുണ്ടാകുന്ന പാടുകള്‍ മാത്രമല്ല, ചെറുപ്പത്തിലെ വീഴ്ച, അല്ലെങ്കില്‍ അപകടം, അതുമല്ലെങ്കില്‍ പൊള്ളിയത്... ഇങ്ങനെ ഏത് പരിക്കിന്റെ പാടുകളിലും ടാറ്റൂ ചെയ്യാമെന്നാണ് ഡിസൈനര്‍മാര്‍ പറയുന്നത്. ഇത് ചെയ്യാനും ആദ്യം സൂചിപ്പിച്ചത് പോലെ പ്രത്യേക പ്രാവീണ്യം ആവശ്യമാണ്. 

മുറിപ്പാടുകളില്‍ ടാറ്റൂ ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം, മുറിവ് പരിപൂര്‍ണ്ണമായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തലാണ്. ആരോഗ്യമുള്ള ചര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായി, എപ്പോള്‍ വേണമെങ്കിലും അണുബാധയ്ക്ക് തയ്യാറായി നില്‍ക്കുകയായിരിക്കും മുറിവുകളുണ്ടായ ഇടങ്ങളിലെ ചര്‍മ്മം. അതിനാല്‍ തന്നെ മുഴുവനായി മുറിവില്‍ നിന്ന് ചര്‍മ്മം മോചിപ്പിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 

അതുപോലെ തന്നെ മുറിപ്പാടുകളിലെ ടാറ്റൂവിന് അല്‍പം വേദന കൂടുതലായിരിക്കുമെന്നും ഡിസൈനര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരിക്ക് പറ്റിയാല്‍ പിന്നെ ചര്‍മ്മം പഴയതുപോലെ ആകും വരെയും ശരീരം അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അത്തരം സ്ഥലങ്ങളിലെ ചര്‍മ്മം വളരെയധികം നേര്‍ത്തതുമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മുറിപ്പാടുകളില്‍ ടാറ്റൂ ചെയ്യുമ്പോല്‍ സ്വല്‍പം വേദന അധികമായിരിക്കും.