ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ സൂയിസൈഡ് ഗെയിമിലൂടെ മുംബൈയില്‍ 14കാരന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവേല്‍പിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്ത് തുടങ്ങുന്ന ഗെയിമിന്റെ അന്‍പതാം ഘട്ടം കെട്ടിടത്തിനുമുകളില്‍നിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. കൗമാരക്കാരെ മനഃശാസ്ത്രപരമായി അടിമകളാക്കുന്ന ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്.

മുംബൈ അന്ധേരിയില്‍ താമസിക്കുന്ന പതിനാലുകാരന്‍ കഴിഞ്ഞ ദിവസം ഏഴുനിലക്കെട്ടിടത്തിന്റെ ടെറസില്‍നിന്നും ചാടി ആത്മഹത്യ ചെയതു. ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ സൂയിസൈഡ് ഗെയിം കളിച്ചാണ് ഈ ആത്മഹത്യയെന്ന ഞെട്ടിക്കുന്ന വിവരമാണ് മുംബൈ പൊലീസ് വൃത്തങ്ങളില്‍നിന്നും മനസിലാക്കാനായത്. പൊലീസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈമാനികനാകണം എന്നായിരുന്നു ഈ ഒന്‍പതാം ക്ലാസുകാരന്റെ സ്വപ്നം. റഷ്യയില്‍ പോയി പരിശീലനം നേടണമെന്നും മാതാപിതാക്കളോട് ഇവന്‍ പറയാറുണ്ടായിരുന്നത്രെ. റഷ്യയിലാണ് ഈ ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. റഷ്യയില്‍ മാത്രം ഇതുവരെ 130 കൗമാരക്കാരാണ് ബ്ലൂവെയില്‍ അഥവാ നീലത്തിമിംഗലം എന്നുപേരുള്ള ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തത്. ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ പ്രചരിച്ച ഈ ഗെയിംകളിച്ച് 200 പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തു. ഇന്ത്യയിലെ ആദ്യ ബ്ലൂവെയില്‍ ആത്മഹത്യയാണ് അന്ധേരിയിലേത് എന്നാണ് പുറത്തുവരുന്ന വിവരം.

കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ അവസാനം ആത്മഹത്യയിലേക്കെത്തിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയില്‍. പ്ലേസ്‌റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം പരിചയപ്പെടുത്തുന്നത്. തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഗെയിം പിന്നീട് അതിന്റെ അപകടമുഖം പുറത്തു കാണിക്കുന്നു. അമ്പത് ഘട്ടങ്ങളാണ് ഗെയിമിലുള്ളത്. ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും, തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കും. അപ്പോഴേക്കും അഡ്മിന്റെ നിര്‍ദേശം അനുസരിക്കുന്ന മാനസികാവസ്ഥയിലായിട്ടുണ്ടാകും ഇത് കളിക്കുന്നവര്‍.

21 വയസുള്ള റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡീക്കിന്‍ ആണ് ഗെയിം രൂപകല്‍പന ചെയ്തതെന്നാണ് കണ്ടെത്തല്‍. 2014ല്‍ ആണ് ഈ ഗെയിമിന് തുടക്കം കുറിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ അപകടകാരിയായ ഗെയിമിന് പലരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു പല പേരുകളിലും ഇത് വ്യാപകമാണ്. ഇന്റര്‍നെറ്റില്‍ ഇതിനെ പൂര്‍ണമായും ചെറുക്കാന്‍ സാധ്യമല്ലെന്നതാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ തോതെന്നിരിക്കെ മലയാളികള്‍ക്ക് ഇതേക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കണം.