ബാഗ്ദാദ് (ഇറാഖ്): വിവാഹമെന്ന പേരില്‍ അയാള്‍ ചെയ്തത് താത്കാലിക വിവാഹം. ഇപ്പോള്‍ എന്നെ വിവാഹം ചെയ്തിരിക്കുന്നത് പന്ത്രണ്ടാമത്തെ ആളാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെയാണ് ഈ ചതിയില്‍ തന്നെ പെടുത്തിയതെന്നും വെളിപ്പെടുത്തലുമായി കൗമാരക്കാരി. സുഖത്തിന് വേണ്ടി നടത്തുന്ന വിവാഹത്തിന്‍റെ ഇരയാക്കപ്പെട്ടതിന്‍റെ വേദനയാണ് ബാഗ്ദാദ് സ്വദേശിനിയായ ഈ കൗമാരക്കാരി വെളിപ്പെടുത്തുന്നത്. ഷിയ മുസ്‍ലിംകള്‍ക്കിടയില്‍ നടക്കുന്ന വിചിത്രമായ വിവാഹങ്ങളെക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

ഒരു അപകടത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് റസൂലിന്‍റെയും സഹോദരിയുടേയും ജീവിതം കഷ്ടപ്പാടിലായത്. ചെറിയ ജോലികള്‍ ചെയ്ത് ദൈനം ദിന ചെലവുകള്‍ നടത്തിയിരുന്നെങ്കിലും അനിയത്തിക്കും തനിക്കും മാന്യമായി ജീവിക്കാനുള്ള വക കണ്ടെത്താന്‍ റസൂലിന് സാധിച്ചില്ല. എങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന് ആ പതിനാറുകാരിക്ക് നിശ്ചയമുണ്ടായിരുന്നു. തന്‍റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകള്‍ക്കൊപ്പം പോയി പണം സമ്പാദിക്കുന്ന രീതിയോട് അവള്‍ക്ക് അല്‍പം പോലും താല്‍പര്യമുണ്ടായിരുന്നുമില്ല. ഒരുപെണ്‍കുട്ടി തന്നെ വില്‍ക്കുന്ന സാഹചര്യത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല റസൂലിന്. 

അതിനിടയിലാണ് ജോലി സ്ഥലത്ത് വച്ച് ഒരു യുവാവ് റസൂലിനോട് താല്‍പര്യം കാണിച്ചത്. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്‍റെ കരുതലില്‍ ഒരു വിശ്വാസം തോന്നിത്തുടങ്ങി. മാസങ്ങള്‍ക്ക് ശേഷം തനിക്കും സഹോദരിക്കും അയാള്‍ താങ്ങാവുമെന്ന് കരുതിയതാണ് തനിക്ക് സംഭവിച്ച അബദ്ധമെന്ന് റസൂല്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനായി അയാള്‍ ബാഗ്ദാദിലെ ഒരു മോസ്കിലെത്തി. മതപ്രകാരമുള്ള വിവാഹം ചെയ്യാനായിരുന്നു അതെന്നായിരുന്നു റസൂല്‍ കരുതിയത്. വളരെ ചുരുങ്ങിയ സമയത്തെ ചടങ്ങുകളില്‍ വിവാഹം കഴിഞ്ഞു. എന്നാല്‍ അതിന് മുന്‍പ് ആത്മീയ നേതാവ് കൂടിയായ കാര്‍മികന്‍ തന്നെക്കൊണ്ട് ചില കടലാസുകള്‍ ഒപ്പിടീച്ചു. വായിക്കാന്‍ അറിയാത്ത തനിക്ക് യുവാവില്‍ നിന്ന് 250 ഡോളര്‍(17749രൂപ) വധുവിനുള്ള ഉപഹാരമായും വാങ്ങിതന്നുവെന്നും റസൂല്‍ പറയുന്നു.

വിവാഹ ശേഷം രണ്ടാഴ്ചയോളം തന്നെയും സഹോദരിയേയും മാന്യമായി സംരക്ഷിച്ച ഭര്‍ത്താവിനെ ഒരുദിവസം രാവിലെ കാണാതാവുകയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിനെ കാണാതെ പള്ളിയിലെത്തി വിവരം പറഞ്ഞ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന മറുപടി തന്നെ ഞെട്ടിച്ചെന്ന് റസൂല്‍ പറയുന്നു. 

പിന്നീടാണ് താന്‍ അപകപ്പെട്ടിരിക്കുന്ന ചതിയെക്കുറിച്ച് റസൂലിന് മനസിലാവുന്നത്. ഷിയ ഇസ്‍ലാം രീതിയിലുള്ള സന്തോഷത്തിന് വേണ്ടിയുള്ള വിവാഹ കരാര്‍ ആയിരുന്നു റസൂല്‍ ഒപ്പിട്ടത്. മതപരമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരുരീതിയായിരുന്നു ഈ വിവാഹമെന്നും റസൂല്‍ തിരിച്ചറിഞ്ഞത് കാര്‍മികനില്‍ നിന്നുമായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഭര്‍ത്താവായ യുവാവ് സ്ഥലം വിട്ടതെന്നും യുവതി തിരിച്ചറിഞ്ഞു. 

യുവതിയോട് വീണ്ടും ഇത്തരം കരാര്‍ വിവാഹത്തേക്കുറിച്ച് കാര്‍മികന്‍ പറയുകയും ചെയ്തു. മുട്ടാ വിവാഹങ്ങള്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇറാനില്‍ ഷിയ മുസ്‍ലിംകള്‍ക്കിടയില്‍ പിന്തുടര്‍ന്ന് പോന്നിരുന്ന ഈ രീതി അടുത്ത കാലത്താണ് ഇറാഖിലും വ്യാപകമായത്. ദൂരദേശങ്ങളില്‍ തനിയെ സഞ്ചരിക്കേണ്ടി വരുന്ന ആളുകള്‍ക്ക് കൂട്ടിന് യുവതികളെ അനുവദിക്കുന്നതിനായാണ് ഈ രീതി അവലംബിച്ചിരുന്നത്. നല്‍കുന്ന പണത്തിന് അനസരിച്ചാണ് കരാര്‍ കാലാവധിയുടെ ദൈര്‍ഘ്യം. കരാര്‍ കാര്‍മികന്‍റെ സാന്നിധ്യത്തിലോ അതോ വാക്കാല്‍ പറഞ്ഞ് ഉറപ്പിക്കുന്നതോ ആയ ഒന്നാണ്. ഈ സാധ്യതയാണ് റസൂലിനെ കുടുക്കിയത്. ഇത്തരം കരാര്‍ വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്തം പുരുഷന് ഇല്ല. 

മറ്റ് ഇസ്ലാം മത വിശ്വാസികള്‍ തെറ്റായി കാണുന്ന ഈ രീതിയുപയോഗിച്ചാണ് കൗമാരക്കാരിയായ റസൂലിനെ യുവാവ് വഞ്ചിച്ചത്. സ്ത്രീകളെ ദുരുപയഗം ചെയ്യാന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് ഏറെ വിമര്‍ശനം കേട്ടിട്ടുള്ളതാണ്. ഏറെ താമസിയാതെ തന്നെ ഇത്തരം കരാര്‍ വിവാഹങ്ങളില്‍ താന്‍ മാത്രമല്ല ചതിക്കപ്പെട്ടതെന്ന് റസൂലിന് മനസിലായി. ഉണ്ടായിരുന്ന ജോലി ആദ്യ വിവാഹത്തോടെ ഉപേക്ഷിച്ച റസൂല്‍ ഇപ്പോള്‍ ദിവസങ്ങള്‍ മാത്രം നീളുന്ന പന്ത്രണ്ടിലധികം 
വിവാഹങ്ങളാണ് കഴിച്ചിട്ടുള്ളത്. 

ഈ വിവാഹങ്ങളില്‍ നിന്ന് സ്ത്രീധനമായി ലഭിക്കുന്ന തുകയുപയോഗിച്ചാണ് റസൂലും സഹോദരിയും ജീവിതച്ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇറാഖിലെ നിയമ സംവിധാനങ്ങളില്‍ ഇത്തരം വിവാഹങ്ങളിലെ ഇരകള്‍ ഏറിയ പങ്കും കൗമാരക്കാര്‍ ആയതിനാല്‍ തിരിച്ചറിയപ്പെടാതെ പോവുന്നുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഈ കരാര്‍ വിവാഹത്തിന്‍റെ ഇരകളില്‍ ഏറിയ പങ്കും. ഇറാഖിലെ ക്രിമിനല്‍ നിയമം അനുസരിച്ച് 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുമായി വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

കരാര്‍ വിവാഹങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തുകയില്‍ ജീവിതം തള്ളി നീക്കാന്‍ സാധിക്കാതെ വരുന്നതോടെ ഇരകളാക്കപ്പെട്ടവര്‍ വീണ്ടും ഇത്തരം വിവാഹങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് ബിബിസിയോട് റസൂല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികന്‍ ഇടനിലക്കാരനാവും, പ്രതിഫലത്തില്‍ ഒരു പങ്ക് കാര്‍മികനും അവകാശപ്പെടും. മണിക്കൂറുകള്‍ മുതല്‍ ആഴ്ചകള്‍ നീളുന്ന ഒരു ഡസനിലേറെ വിവാഹങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്ന് റസൂല്‍ ബിബിസിയോട് വ്യക്തമാക്കി. ആത്മീയ നേതാവ് കൂടിയായ കാര്‍മികന്‍ തന്നെയാണ് തനിക്ക് ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കുന്നതെന്നും റസൂല്‍ പറയുന്നു. ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് മോസ്കുകളിലെത്തുന്നവരെ സമീപിക്കുന്ന ആത്മീയ നേതാക്കളെയും അന്തര്‍ദേശീയ മാധ്യമമായ ബിബിസിക്ക് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.