കൊടും വരള്‍ച്ചയില്‍ കൃഷി നശിച്ചതോടെ ജീവിക്കാനായി നാട് വിട്ട് ദുബായിലെത്തിയ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം. തെലുങ്കാനയില്‍ നിന്നുള്ള വികാസ് റിക്കാല എന്ന 34 കാരനാണ് 15 മില്യണ്‍ ദിര്‍ഹത്തിന്‍റെ (28.5 കോടി) യുഎഇ ലോട്ടറിയടിച്ചത്. 

കടുത്ത വരള്‍ച്ചയില്‍ കൃഷിചെയ്യാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് 2014 ലാണ് വികാസ് നാട്ടില്‍ നിന്നും ദുബായിലേക്ക്  വിമാനം കയറിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം കാലം ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തു. എന്നാല്‍ വിസാകാലാവധി അവസാനിച്ചതോടെ വികാസിന് നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരികയായിരുന്നു. 

എന്നാല്‍ നാട്ടില്‍ ജോലിയൊന്നും ശരിയാകാതെ വന്നതോടെ ജീവിക്കാനായി വീണ്ടും ദുബായിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു വികാസ്. ആ സമയത്താണ് കേരളത്തില്‍ നിന്നുള്ള ഒരു സുഹൃത്തിന് ലോട്ടറിയടിച്ച സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഭാര്യയുടെ കൈയ്യിലുണ്ടായിരുന്ന പണം ഉപയോഗിച്ചാണ് വികാസ് ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ സഹായത്തില്‍ ലോട്ടറിയെടുത്തത്. വികാസിന് വേണ്ടി ഗള്‍ഫിലുള്ള സുഹൃത്ത് എടുത്ത ടിക്കറ്റിന് ലോട്ടറിയടിക്കുകയായിരുന്നു. 

'എനിക്ക് ഇതുവരെയും പൂര്‍ണമായും ഇത് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഭാഗ്യം തുണയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും ഏറെ സന്തോഷത്തിലാണ്. ഇനി ദുബായിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല'. മക്കളുടെ പഠനത്തിന് പണം ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വികാസ് കൂട്ടിച്ചേര്‍ത്തു.