മസാച്യുസാറ്റ് : അതിശക്തമായി ചുമയെ തുടര്‍ന്ന് സ്ത്രീയുടെ വാരിയെല്ലുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി വരണ്ട ചുമയുള്ള 66 വയസ്സുള്ള സ്ത്രീയുടെ വാരിയെല്ലുകളില്‍ ക്ഷതമുള്ളതായി കണ്ടെത്തിയതായാണ് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇടുപ്പിനും വാരിയല്ലുകള്‍ക്കും ഇടയിലാണ് ക്ഷതം കണ്ടെത്തിയിരിക്കുന്നത്. 

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വാരിയെല്ലുകളിലൊന്ന് രണ്ടായി മുറിഞ്ഞിട്ടുണ്ട്. ആന്‍റിബയോട്ടിക്കുകളും ശസ്ത്രക്രിയയുമാണ് ഡോക്ടര്‍ ഇവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശരീരത്തില്‍ വാരിയെല്ലുകളോട് ചേര്‍ന്ന ഭാഗത്ത് ഇരുണ്ട നിറം കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്.

തുടര്‍ന്ന് സി ടി സ്കാന്‍ എടുത്തപ്പോഴാണ് വാരിയെല്ലുകള്‍ തകര്‍ന്നതായും അണുബാധ ഉണ്ടായതായും കണ്ടെത്തിയത്., പിന്നീടുള്ള പരിശോധനകളില്‍ ഇവര്‍ക്ക് രണ്ടാഴ്ചയായി ചുമ ഉണ്ടെന്നും ഇത് വാരിയെല്ലുകള്‍ക്ക് ക്ഷതമുണ്ടാകാന്‍ കാരണമായെന്നും വ്യക്തമായത്. 

വില്ലന്‍ ചുമ അതീവ ഗുരുതരമായ രോഗാവസ്ഥയാണ്. ബാക്ടീരിയകളുടെ പ്രവര്‍ത്തനം ശ്വാസകോശത്തിന് അണുബാധയുണ്ടാകാന്‍ കാരണമാകും. മൂക്കൊലിപ്പ്, കണ്ണില്‍നിന്ന് തുടര്‍ച്ചയായി വെള്ളം വരിക, തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികളില്‍ വില്ലന്‍ ചുമ വരുന്നത് മരണത്തിന് വരെ കാരണമായേക്കും.