ചുട്ടുപഴുത്തു പരന്നു കിടക്കുന്ന ദോശക്കല്ലിലേക്ക് ദോശയും, ഓംലെറ്റും, ബുള്‍ സൈയും. അതിനു മുകളില്‍ കുരുമുളകുപൊടിയും ഉപ്പും എണ്ണയും, പച്ചമുളകും, ഉള്ളിയും ഒക്കെ പറന്നിറങ്ങുന്ന നയന മനോഹര കാഴ്ചകള്‍ക്കൊടുവില്‍ പൊടി പറത്തിപ്പോകുന്ന വാഹനങ്ങളുടെ അകമ്പടിയില്‍, നിയോണ്‍ ബള്‍ബിന്റെയും പെട്രോ മാക്‌സിന്റെയും വെളിച്ചത്തില്‍ സൊറ പറഞ്ഞു തട്ടുകടയിലിരുന്നു കഴിയ്ക്കുന്ന സുഖം, നമ്മള്‍ ഇനി എത്ര ഫൈവ്സ്റ്റാര്‍ സ്റ്റാറ്റസ് പറഞ്ഞാലും കിട്ടില്ല.

തട്ടുകട ബീഫ് കറി, കള്ള് ഷാപ്പ് ബീഫ് കറി ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ ടൈറ്റാനിക് ഓടാന്‍ ഉള്ള വെള്ളം ഉണ്ടാവും. 'ബീഫ്' എപ്പോഴും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എങ്കിലും വല്ലപോഴും ഒക്കെ കഴിയ്ക്കാം. അപ്പോള്‍ ഇന്ന് തട്ടുകട ബീഫ് കറിയുടെ റെസിപി ആയിക്കോട്ടെ, അല്ലേ.

ഇത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് അറിയാമോ, റെസിപി വളരെ ചെറുതാണ്, അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളും കൂടി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ഉപന്യാസം പോലെ തോന്നാം.


ഒരു കിലോ ബീഫ് കഴുകി വാരി വെള്ളം വാലാന്‍ വയ്ക്കുക.

*തേങ്ങാക്കൊത്ത് അര കപ്പ് നീളത്തില്‍ പൂളി വയ്ക്കുക. നാല് സവാള (ഇടത്തരം മതി) എടുത്തു ചതുരത്തില്‍ അരിഞ്ഞു വയ്ക്കുക. ഒരു ചെറിയ കഷണം ഇഞ്ചി നുറുക്കി വയ്ക്കുക. നാല് പച്ചമുളക് രണ്ടായി കീറി വയ്ക്കുക. രണ്ടു കതിര്‍ കറി വേപ്പില ഉതിര്‍ത്തു വയ്ക്കുക. (വഴറ്റാന്‍ ആണ് കേട്ടോ!!!)

* ഇനി ഒരു ഇടത്തരം കഷണം ഇഞ്ചി, 15 അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം കറുകപ്പട്ട, ഏലയ്ക്ക നാലെണ്ണം, പെരുംജീരകം അര ടേബിള്‍ സ്പൂണ്‍, കുരുമുളക് അര ടേബിള്‍ സ്പൂണ്‍, കാശ്മീരി മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, തക്കോലം ഒന്ന്, ഗ്രാമ്പു നാല് എണ്ണം,(പട്ടയുടെ രുചി, മണം ഒക്കെ ചിലര്‍ക്ക് ഇഷ്ടമാണ്, അങ്ങനെ ഉള്ളവര്‍ക്ക് ഒരു ചെറിയ കഷണം കൂടി ചേര്‍ക്കാം. ഇത് എല്ലാം കൂടി അരച്ച് വയ്ക്കുക.)

പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബീഫിനു മുളകുപൊടിയുടെ ഇരട്ടി ആണ് മല്ലിപ്പൊടി എടുക്കേണ്ടത്.

ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. എന്നിട്ട് വിറകടുപ്പില്‍ വെച്ച്, വിറകടുപ്പ് ഇല്ലാത്ത പ്രവാസികള്‍ക്ക് ഗ്യാസ് അടുപ്പ് ഉപയോഗിയ്ക്കാം. ചീനച്ചട്ടി ചൂടാകുമ്പോള്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇനി വഴറ്റാന്‍ വേണ്ടി അരിഞ്ഞു വെച്ചിരിയ്ക്കുന്ന തേങ്ങാക്കൊത്ത്, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഒരു കാര്യം മറക്കണ്ട ചില കറികള്‍ക്ക്‌ സവാള, ഇഞ്ചി ഇത്യാദി വകകള്‍ നന്നായി വഴറ്റാതെ ഇട്ടാല്‍ ആ കറി ടിം. ഒരു കാശിനും കൊള്ളാതെയാകും. അതുകൊണ്ട് ഇത്തിരി സമയം എടുത്താലും വേണ്ടില്ല, നന്നായി വഴറ്റണം.

ഇനി അരച്ച് വെച്ചിരിയ്ക്കുന്നതും കൂടി ചേര്‍ത്ത് നന്നായി വഴറ്റി മൂപ്പിക്കുക.

അതിനുശേഷം ബീഫ് ചേര്‍ത്ത് ഇളക്കുക, ചെറിയ വെള്ളമയം കാണുമല്ലോ, തീ വളരെ കുറച്ചു അടച്ചു വെച്ച് ആവിയില്‍ കുറച്ചു നേരം വേവിയ്ക്കണം.

അപ്പോഴേക്കും കുറച്ചു ചൂട് വെള്ളം തയ്യാറാക്കി വയ്ക്കുക.

ബീഫ് വേവാന്‍ പരുവത്തിന് ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കുറച്ചു ഉപ്പും ചേര്‍ത്ത് ഇടത്തരം തീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക. ഉപ്പു മുഴുവനും ആദ്യമേ ചേര്‍ക്കണ്ട, അങ്ങനെ ചേര്‍ത്താല്‍ ബീഫ് പെട്ടെന്ന് വേവില്ല. ഒരു കാര്യം ഓര്‍ക്കുക, ഇതു ചെറിയ തീയിലോ കനലിലോ കിടന്നു വെന്തു പാകമായി കഴിച്ചാലേ ഇറച്ചി കഴിച്ചു എന്ന് തോന്നൂ, കാരണം അപ്പോള്‍ ആണ് അതിന്റെ ശരിക്കുമുള്ള രുചി കിട്ടുന്നത്. മുക്കാല്‍ വേവ് ആകുമ്പോള്‍ ബാക്കി ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിയ്ക്കുക. വെന്ത് പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കുക. എന്നിട്ട്, കപ്പ പുഴുങ്ങിയത്, പുട്ട്, കപ്പ വേവിച്ചത്, വെള്ളയപ്പം, പൊറോട്ട, ചപ്പാത്തി എന്തിന്റെ കൂടെ വേണേലും കഴിക്കാം...

(ചില സ്ഥലങ്ങളില്‍ കിട്ടുന്ന ബീഫിനു വേവ് കൂടുതല്‍ ആയിരിക്കും. ബീഫിന്റെ വേവ് കൂടുതല്‍ ആണെങ്കില്‍ പ്രഷര്‍ കുക്കറില്‍ മൂന്നാല് വിസില്‍ അടിപ്പിച്ചാല്‍ മതി, എന്നിട്ട് തീ വളരെ കുറച്ചു വെച്ച് ഒന്ന് കൂടി ഒന്ന് ചാറു കുറുക്കി എടുത്താല്‍ മതി)


തയ്യാറാക്കിയത്- ബിന്ദു ജെയ്സ്


കടപ്പാട്-ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്