ബംഗലൂരു: രാജ്യവ്യാപകമായി പ്ലാസ്റ്റിക്ക് അരി എന്നത് ഒരു വലിയ വിഷയമാകുകയാണ്. ചില ദേശീയ ചാനലുകള്‍ പ്ലാസ്റ്റിക്ക് അരി സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് പെട്ടെന്ന് പ്ലാസ്റ്റിക്ക് അരിക്കെതിരെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ക്യാംപെയിന്‍ ആരംഭിക്കാന്‍ കാരണം. എന്നാല്‍ പ്ലാസ്റ്റിക്ക് അരി എന്ന് പറയുന്ന വസ്തുവില്‍ പ്ലാസ്റ്റിക്ക് എന്ന സാധനമേ ഇല്ലെന്ന് എത്രപേര്‍ക്ക് അറിയാം.
പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം രംഗത്ത് എത്തുന്നത് ചൈനയില്‍ നിന്നാണ്. 2010 ല്‍ ചൈനയില്‍ പ്രത്യേകമായി ഉപയോഗിക്കുന്ന വൂചാങ്ങ് അരിയില്‍ വലിയ കൃത്രിമം കണ്ടെത്തി. ഇന്ത്യയില്‍ ബസുമതി അരിപോലെ ചൈനയില്‍ ഉപയോഗിക്കുന്ന അരിയാണ് വൂചാങ്ങ്. എന്നാല്‍ ചൈനയിലെ ഷാനക്സി പ്രവിശ്യയിലെ ടായ്വാനിലെ ചില വ്യാപാരികള്‍ സാധാരണ അരിയില്‍ ചില കൃത്രിമങ്ങള്‍ നടത്തി വില്‍ക്കാന്‍ തുടങ്ങി.
ഉരുളകിഴങ്ങും, കപ്പയും പേസ്റ്റാക്കിയാണ് അന്ന് തട്ടിപ്പ് നടത്തിയത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ അത് വലിയ വാര്‍ത്തയായി. അന്ന് വൂചാങ്ങ് സ്കാം എന്ന പേരിലാണ് ഇത് പ്രചരിച്ചത്. അന്ന് കൃത്രിമത്വം നടത്തുന്നു എന്ന അര്‍ത്ഥത്തില്‍ ഇത് "പ്ലാസ്റ്റിക്ക് റൈസ്" സ്കാം എന്നാണ് അറിയപ്പെട്ടത് ഇതില്‍ നിന്നാണ് പ്ലാസ്റ്റിക്ക് അരി എന്ന പേര് വന്നത്.
ഇപ്പോള്‍ അരിയില്‍ പ്ലാസ്റ്റിക്ക് ചേര്‍ക്കുന്നു എന്ന വാര്‍ത്ത പ്രധാനമായും വരുന്നത് കര്‍ണ്ണാടകയിലാണ്. എന്നാല്‍ അരിയുടെ രൂപത്തില്‍ പ്ലാസ്റ്റിക്ക് ചേര്‍ത്ത് അരിവില്‍ക്കുന്നത് വലിയ ചിലവുള്ള പരിപാടി ആയതിനാല്‍ ചൈനീസ് പ്ലാസ്റ്റിക്ക് മുട്ട എന്നത് പോലെ ഇതും ഒരു വ്യാജമാണെന്നാണ് കര്‍ണ്ണാടക സര്‍ക്കാറിന്‍റെ വാദം. ഒരിക്കലും വ്യാപകമായി ഇത്തരം അരി വില്‍പ്പന നടത്തുന്നതായി തെളിയിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കര്‍ണ്ണാടക നിയമസഭയില്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് പ്ലാസ്റ്റിക്ക് മുട്ട എന്ന പേരില്‍ വ്യാപകമായ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ ഈ പ്രചരണംവ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
