Asianet News MalayalamAsianet News Malayalam

'ബാബാ സാഹിബുമാർ' ഇരുന്ന കസേരയില്‍ ഇനി 'ബാബാ മാഡം'...

തോട്ടങ്ങളിലെ വെയിലിലും മഞ്ഞിലും നടന്ന് തേയില നുള്ളിയിരുന്നത് മുഴുവന്‍ സ്ത്രീകളായിരുന്നു. കമ്പനിയുടെ ഹെല്‍ത്ത് സെന്ററുകളില്‍ സ്ത്രീ ഡോക്ടര്‍മാരും, നഴ്‌സുമാരുമുണ്ടായിരുന്നു. മറ്റ് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികളുടെ കൂട്ടത്തിലെല്ലാം സ്ത്രീകളുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും തോട്ടം മേല്‍നോട്ടത്തിന് ഒരു വനിതാസാരഥിയെ നിയമിച്ചിരുന്നില്ല

the first woman garden manager for assam tea
Author
Guwahati, First Published Dec 8, 2018, 11:27 PM IST

ഗുവാഹത്തി: ആസാം ചായയെക്കുറിച്ച് കേള്‍ക്കാത്ത ഇന്ത്യക്കാര്‍ അപൂര്‍വ്വമായിരിക്കും. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഓര്‍മ്മകളുമായാണ് ആസാം ചായത്തോട്ടങ്ങള്‍ ഇന്നും ആലസ്യത്തോടെ ഉറങ്ങിയുണര്‍ന്ന് നമുക്ക് ചായ പകരുന്നത്. അക്കാലം മുതല്‍ തന്നെ ചായത്തോട്ടങ്ങളുടെ മാനേജര്‍മാരായി നിയമിക്കാറ് പുരുഷന്മാരെ മാത്രമാണ്. ബഹുമാനപൂര്‍വ്വം അവരെ എല്ലാവരും 'ബാബാ സാഹിബ്' എന്ന് വിളിച്ചുപോന്നിരുന്നു. 

തോട്ടങ്ങളിലെ വെയിലിലും മഞ്ഞിലും നടന്ന് തേയില നുള്ളിയിരുന്നത് മുഴുവന്‍ സ്ത്രീകളായിരുന്നു. കമ്പനിയുടെ ഹെല്‍ത്ത് സെന്ററുകളില്‍ സ്ത്രീ ഡോക്ടര്‍മാരും, നഴ്‌സുമാരുമുണ്ടായിരുന്നു. മറ്റ് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികളുടെ കൂട്ടത്തിലെല്ലാം സ്ത്രീകളുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും തോട്ടം മേല്‍നോട്ടത്തിന് ഒരു വനിതാസാരഥിയെ നിയമിച്ചിരുന്നില്ല. 

the first woman garden manager for assam tea

അതേ ചിട്ടയില്‍ 180 വര്‍ഷം കടന്നുപോയിരിക്കുന്നു. എന്നാല്‍ രണ്ട് നൂറ്റാണ്ടുകള്‍ തികയ്ക്കും മുമ്പ് ചരിത്രം തിരുത്തുകയാണ് ആസാം ചായ. ബാബാ സാഹിബുമാര്‍ ഇരുന്ന കസേരയിലേക്ക് ഇതാ ആദ്യമായി ഒരു 'ബാബാ മാഡം' വന്നിരിക്കുന്നു. നാല്‍പത്തിമൂന്നുകാരിയായ മഞ്ജു ബരുവയാണ് ഈ സ്ഥാനത്തേക്ക് നിയമിതയായിരിക്കുന്നത്. 

ദിബ്രുഗഡിനടുത്ത് അപ്പീജെ ടീയുടെ ഹിലിക ടീ എസ്റ്റേറ്റിലാണ് മാനേജരായി മഞ്ജു നിയമിക്കപ്പെട്ടിരിക്കുന്നത്. എംബിഎ ബിരുദധാരിയായ മഞ്ജു വെല്‍ഫെയര്‍ ഓഫീസര്‍ ട്രെയിനിയായാണ് ആദ്യം കമ്പനിയില്‍ ചേര്‍ന്നത്. വെല്‍ഫെയര്‍ ഓഫീസര്‍മാരായി സ്ത്രീകളെ നിയമിക്കാമെന്ന് കമ്പനി തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു മഞ്ജുവിന്റെ വരവ്. 

the first woman garden manager for assam tea

കുട്ടിയായിരിക്കുമ്പോള്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു മഞ്ജുവിന്റെ ആഗ്രഹം. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ജോലിയും അല്‍പം വെല്ലുവിളികള്‍ ഉള്ളത് തന്നെയാണെന്നാണ് മഞ്ജു പറയുന്നത്. ഇതുവരെ സ്ത്രീകള്‍ കൈകാര്യം ചെയ്യാത്ത സ്ഥാനമായത് കൊണ്ടുതന്നെ അതില്‍ കുറവുകള്‍ വരുത്താതെ മുന്നോട്ടുകൊണ്ടുപോകണമെന്നും വിദൂരപ്രദേശങ്ങളിലുള്ള തോട്ടങ്ങളില്‍ വരെ യാത്ര ചെയ്‌തെത്തി മേല്‍നോട്ടം നടത്തുകയെന്നാല്‍ ശ്രമകരമായ ജോലിയാണെന്നും മഞ്ജു പറയുന്നു. 

എങ്കിലും ചരിത്രത്തില്‍ ഇടം നേടിയതിന്റെ ആഹ്ലാദത്തിലാണ് മഞ്ജു. ഭര്‍ത്താവും മകളും പിന്തുണയുമായി കൂടെയുണ്ട്. 'കമ്പനിയില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചതുപോലെ തന്നെ കമ്പനി എന്നിലും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്'-  ആസാം ചായയുടെ ആദ്യ 'ബാബാ മാഡം' ആത്മവിശ്വാസത്തിലാണ്.

Follow Us:
Download App:
  • android
  • ios