Asianet News MalayalamAsianet News Malayalam

ജീവിതത്തിൽ പ്രകാശം പരത്താൻ അറിവ് പകർന്ന് പ്രദീപ്...

the life story of pradeep the psc coaching master
Author
First Published Dec 23, 2017, 8:25 PM IST

കൊല്ലം ജില്ലയിലെ മുഖത്തല എന്ന ഗ്രാമത്തിലേക്ക് ഒരു യാത്ര പോകാം. അതും അതിരാവിലെ നാലര മണിയോടെ. അവിടെ ശാന്തി വായനശാലയ്ക്ക് അടുത്ത് സർക്കാർ ജീവനക്കാരനായ പ്രദീപിന്‍റെ വീട്ടിലേക്കാണ് നമ്മുടെ യാത്ര. അപ്പോൾ അവിടേക്ക് നിരവധി ചെറുപ്പക്കാർ ബൈക്കുകളിലും മറ്റുമായി വന്നുകൊണ്ടിരിക്കുന്നു. സാധാരണഗതിയിൽ പുലർച്ചെ ഇങ്ങനെ ചെറുപ്പക്കാർ വരുന്നത്, യോഗാക്ലാസിലേക്കോ ജിമ്മിലേക്കോ മറ്റോ ആണെങ്കിൽ ഇവിടെ അതല്ല. കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായ പ്രദീപ് എന്ന സർക്കാർ ഉദ്യോഗസ്ഥൻ സൌജന്യമായി നടത്തുന്ന പി എസ് സി പരിശീലന ക്ലാസാണ് അവിടേക്ക് വരുന്ന ചെറുപ്പക്കാരുടെ ലക്ഷ്യം. കൃത്യം നാലര മണിക്ക് ക്ലാസ് തുടങ്ങും. ഒരു മിനിട്ട് വൈകിയാൽ പ്രദീപ് സാർ ക്ലാസിൽ കയറ്റില്ല. കഷ്ടപ്പെട്ട് പഠിച്ചുവളർന്ന പ്രദീപിന് ഒറ്റ ലക്ഷ്യമേയുള്ളു- തനിക്ക് കഴിയുന്ന നല്ല കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്തുകൊടുക്കണം. സൌജന്യ പി എസ് സി ക്ലാസിന് പുറമെ മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. ക്ലാസിൽ കണിശക്കാരനും പുറത്ത് കൂട്ടുകാരനും വേദനിക്കുന്നവർക്ക് ആശ്വാസകിരണവുമായി മാറുന്ന, പ്രദീപ് എന്ന നന്മനിറഞ്ഞ മനുഷ്യന്‍റെ, ഏതൊരാൾക്കും പ്രചോദനമേകുന്ന ജീവിതകഥയിലേക്ക്.

ജീവിതപ്രാരാബ്ധമെന്ന അനുഭവപാഠം...

പ്രദീപിനെയും സഹോദരങ്ങളെയും തയ്യൽജോലി ചെയ്താണ് അമ്മ ലീല വളർത്തിയത്. കഷ്ടപ്പാടിന്‍റെ ജീവിതവഴിയിൽ കുട്ടികൾക്ക് ട്യൂഷനെടുത്തും മറ്റുമാണ് പ്രദീപ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാത്രി വൈകുംവരെ ട്യൂഷനെടുത്ത പ്രദീപിന്, സ്വന്തം വിദ്യാഭ്യാസചെലവുകൾക്ക് പുറമെ വീട്ടിലെ കടബാധ്യതയ്ക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു.

കൊല്ലം ഫാത്തിമ കോളേജിൽ ബിരുദവിദ്യാഭ്യാസം ചെയ്യുന്ന കാലത്താണ് കൂട്ടുകാർക്കൊപ്പം, പി എസ് സി പരിശീലനം ആരംഭിക്കുന്നത്. ക്ലാസ് ഇല്ലാത്ത സമയങ്ങളിൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഒത്തുകൂടി അവർ കഠിനപരിശ്രമം നടത്തി. വൈകാതെ അതിന് ഫലവുമുണ്ടായി. എം എ രണ്ടാം വർഷ വിദ്യാർത്ഥി ആയിരിക്കെ എൽ ഡി ക്ലർക്കായി നിയമനം ലഭിച്ചു.

യുണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്‍റ് എന്നിങ്ങനെ 11 തവണയാണ് പ്രദീപ് വിവിധ പരീക്ഷകളുടെ റാങ്ക് ലിസ്റ്റിൽ ഇടംനേടിയത്. ഒടുവിൽ സ്വീകരിച്ച കെഎസ്ഇബിയിലെ ഉദ്യോഗത്തിൽ തുടരുകയാണ് ഇപ്പോൾ.

തുടക്കം വായനശാലയിൽ...

ശാന്തി ലൈബ്രറിയുടെ ജോയിന്‍റ് സെക്രട്ടറിയായിരിക്കെ, 2012ലാണ് വായനശാല കേന്ദ്രീകരിച്ച് പി എസ് സി പരിശീലനത്തിന് പ്രദീപ് നേതൃത്വം നൽകുന്നത്. സുഹൃത്തിനും അയാളുടെ ഭാര്യയ്ക്കുമായി തുടങ്ങിയ പ്രദീപിന്‍റെ ക്ലാസിലേക്ക് കൂടുതൽ പേരെത്തി. എല്ലാവരെയും വായനശാലയിൽ ഉൾക്കൊള്ളാനാകാതെ വന്നപ്പോൾ വീടിന്‍റെ ടെറസിലേക്ക് ക്ലാസ് മാറ്റി. പൊതുവിജ്ഞാനം, സമകാലികം, ഇംഗ്ലീഷ്, കണക്ക് അങ്ങനെ എല്ലാ വിഷയങ്ങളും പ്രദീപ് തന്നെ കൈകാര്യം ചെയ്തു. വൈകാതെ ക്ലാസിന്‍റെ പെരുമ കേട്ടറിഞ്ഞ് മറ്റു നാടുകളിൽനിന്ന് ആളുകളെത്താൻ തുടങ്ങി.

ജോലിക്ക് പോകുന്നതിനുള്ള സൌകര്യം കൂടി കണക്കിലെടുത്താണ് ക്ലാസ് സമയം അതിരാവിലെയാക്കിയത്. രാവിലെ മൂന്നരമണിയോടെയാണ് പ്രദീപിന്‍റെ ഒരുദിവസം തുടങ്ങുന്നത്. ഇതേസമയത്ത് തന്നെ വീട്ടുകാരും എല്ലാ പിന്തുണയുമായി പ്രദീപിനൊപ്പം ഉണരും.

ഇപ്പോൾ രണ്ടു ബാച്ചുകളിലായി നാന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസമാണ് ഒരു ബാച്ചിന് ക്ലാസെടുക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒരു ബാച്ചും, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ടാമത്തെ ബാച്ചുമാണുള്ളത്. ഞായറാഴ്ച അവധി ദിവസമാണെങ്കിലും, പഠനത്തിൽ പിന്നോക്കംനിൽക്കുന്നവർക്ക് പ്രത്യേക ക്ലാസുകളുമായി പ്രദീപ് അന്നും കർമനിരതനായിരിക്കും.

വിജയമന്ത്രം കണിശതയും കഠിനാധ്വാനവും...

ഓരോ ദിവസവും ആഴ്ചതോറും മാസംതോറുമായി നടത്തുന്ന പരീക്ഷകളാണ് കൂടുതൽ പേർക്ക് ജീവിതവിജയം പകർന്നു നൽകാനുള്ള പ്രദീപിന്‍റെ മന്ത്രം. ഓരോ ദിവസവും പഠിച്ചുകൊണ്ടുവരേണ്ടതിനെക്കുറിച്ച് നേരത്തെ വിവരം നൽകും. അതനുസരിച്ച് ദിവസവും പരീക്ഷയുണ്ടാകും. ഈ പരീക്ഷയിൽ തുടർച്ചയായി മാർക്ക് കുറയുന്നവരെ ക്ലാസിൽനിന്ന് ഒഴിവാക്കും. 100 മാർക്കിന് നടത്തുന്ന പരീക്ഷയിൽ തുടർച്ചയായി 90ൽ കുറവ് മാർക്കുള്ളവരോട് ക്ലാസ് മതിയാക്കാനുള്ള നിർദ്ദേശമാണ് നൽകുക. ദിവസേനയുള്ള പരീക്ഷ ആഴ്ചകളിലും മാസങ്ങളിലുമായി വീണ്ടും റിവിഷൻ നടത്തും. ഇത്തരത്തിൽ ഒരാൾ പഠിക്കുന്ന പാഠഭാഗം മനസിൽ ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പ്രദീപ് പറയുന്നു.

ക്ലാസ് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല, അധ്യാപനം. വീട്ടിൽപ്പോയി അവർ പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രദീപ് ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പേർക്കും ദുഷ്ക്കരമാകുന്ന കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക ക്ലാസുകളും എടുക്കുന്നുണ്ട്. കൂടുതൽപേരെ ഉന്നതവിജയത്തിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കാറുണ്ട്.

ഇപ്പോൾ വിവിധ ജില്ലകളിൽനിന്നുള്ളവർ പ്രദീപിന്‍റെ ക്ലാസിനായി വരുന്നുണ്ട്. കൊല്ലത്തെ കോളേജുകളിൽ പഠിക്കുന്ന അന്യജില്ലക്കാരായ വിദ്യാർത്ഥികളാണ് ദിവസവും പുലർച്ചെ മുഖത്തലയിലെ പി എസ് സി ക്ലാസിനെത്തുന്നത്. ടെക്നോപാർക്കിലെ ജീവനക്കാരും, എഞ്ചിനിയറിങ് കോളേജ് അധ്യാപകർ, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ അങ്ങനെ നിരവധിപ്പേരാണ് അതിരാവിലെയുള്ള ക്ലാസിന് മുടങ്ങാതെ എത്തുന്നത്. ക്ലാസിന് ശേഷം മറ്റു ജോലിക്ക് പോകുന്നവരുമുണ്ട്. ഇപ്പോൾ സ്ഥലപരിമിതി മൂലം പുതിയതായി ആരെയും പ്രവേശിപ്പിക്കുന്നില്ല. ആരെങ്കിലും ക്ലാസ് മതിയാക്കിപോകുന്ന സാഹചര്യത്തിൽ മാത്രമാണ് പുതിയ ആളുകൾക്ക് പ്രവേശനം നൽകുന്നത്.

പുതുജീവിതത്തിലേക്ക് കടന്നത് നൂറുകണക്കിന് പേർ...

സർക്കാർ ജോലി നേടുകയെന്നത് കൂടുതൽ മൽസരാധിഷ്ഠിതമായി മാറുന്ന ഇക്കാലത്ത് നൂറുകണക്കിന് ചെറുപ്പക്കാർ പ്രദീപിന്‍റെ ശിക്ഷണത്തിൽ റാങ്ക് ലിസ്റ്റുകളിൽ ഇടംനേടി. എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ്, പൊലീസ് കോൺസ്റ്റബിൾ, എസ് ഐ, എക്സൈസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കമ്പനി ബോർഡ് കോർപറേഷൻ, സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് എന്നിങ്ങനെ വിവിധ തസ്തികകളിലായി ഇരുന്നൂറിലധികം പേർ ചുരുങ്ങിയസമയത്തിനുള്ളിൽ ഇവിടെനിന്ന് ജോലി കണ്ടെത്തി കഴിഞ്ഞു. ഇക്കഴിഞ്ഞ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയിലൂടെ മാത്രം നിരവധി പേർക്ക് ജോലി ലഭിച്ചു. നൂറിലേറെ പേർക്ക് കോൺസ്റ്റബിളായി ജോലി ലഭിച്ചു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പരീക്ഷകളിലെ റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമ്പോൾ തന്റെ നിരവധി വിദ്യാർത്ഥികൾ ജോലിനേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രദീപ് എന്ന അധ്യാപകൻ.

ദക്ഷിണ ജീവകാരുണ്യത്തിന്...

the life story of pradeep the psc coaching master

സൌജന്യമായാണ് പ്രദീപ് കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നത്. എന്നാൽ സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ വിദ്യാർത്ഥികളെയും പ്രദീപ് ഒപ്പംകൂട്ടാറുണ്ട്. അനാഥാലയങ്ങളിലും വൃദ്ധസദനത്തിലുമൊക്കെ മാസത്തിൽ ഒരിക്കൽ സഹായഹസ്തവുമായി പ്രദീപ് സാറും കുട്ടികളുമെത്താറുണ്ട്. ഇതുകൂടാതെ ക്യാൻസർ, വൃക്കരോഗം പോലെയുള്ള മാരകരോഗങ്ങൾ പിടിപെട്ടവർക്ക് ചികിൽസസഹായവും സമാഹരിച്ചു നൽകിവരുന്നു. മുഖത്തല സർക്കാർ എൽപിഎസ്, എൻഎസ്എസ് യുപിഎസ് തുടങ്ങിയ സ്കൂളുകളിൽ ഈ വർഷം അധ്യായനം ആരംഭിച്ചപ്പോൾ നൂറ്റിയമ്പതോളം കുട്ടികൾക്ക് ബാഗ്, ബുക്ക്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പി എസ് സി പരിശീലനത്തിനെത്തിയ ഒരു ദേവി എന്ന വിദ്യാർത്ഥിനിയുടെ വീടുനിർമ്മാണത്തിലേക്ക് പ്രദീപും കുട്ടികളും ചേർന്ന് ഒരു ലക്ഷം രൂപയാണ് നൽകിയത്. പ്രദീപ് ജോലി ചെയ്യുന്ന നല്ലില ഇലക്ട്രിക്കൽ സെക്ഷന്‍റെ പരിധിയിൽവരുന്ന രണ്ടു നിർധന കുടുംബങ്ങളുടെ വീട് വൈദ്യുതീകരിച്ചുനൽകുകയും, ഒരു മാസത്തേക്കുവേണ്ട പലചരക്കുസാധനങ്ങൾ വാങ്ങിനൽകുകയും ചെയ്തു.

the life story of pradeep the psc coaching master

ഇത്തരത്തിൽ പി എസ് സി ക്ലാസ് തുടങ്ങിയകാലം മുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പ്രദീപും കുട്ടികളും സജീവമാണ്. ഇതുകൂടാതെ ക്ലാസിന് എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളിൽനിന്ന്, നേത്രദാനം, രക്തദാനം, എന്നിവയ്‌ക്കുള്ള സമ്മതപത്രം വാങ്ങാറുണ്ട്. ഈ സമ്മതപത്രം കൊല്ലം ജില്ലാ ആശുപത്രി അധികൃതര്‍ക്കാണ് നൽകുന്നത്. അവയവദാനത്തിന് താൽപര്യമുള്ളവരിൽനിന്ന് അതിനുള്ള സമ്മതപത്രവും വാങ്ങാറുണ്ട്. ജോലി ലഭിക്കുന്ന ഉദ്യോഗാർത്ഥികളും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ടെന്ന് പ്രദീപ് പറയുന്നു. ഇതിലും വലിയൊരു ഗുരുദക്ഷിണ ഇല്ലെന്നും ഇദ്ദേഹം പറയുന്നു.  

നാട്ടുകാരുടെ ആദരം ഏറ്റുവാങ്ങി മുന്നോട്ട്...

the life story of pradeep the psc coaching master

നിരവധിപ്പേരെ ജീവിതവിജയത്തിലേക്കു കൈപിടിച്ചുയർത്തുകയും, അശരണർക്ക് അശ്വാസമേകുകയും ചെയ്യുന്ന പ്രദീപിന്‍റെ ജീവിതമാതൃകയ്ക്ക് ആദരവുമായി നാട്ടുകാരും രംഗത്തെത്തി. ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ യുവജനസംഘടനകളാണ് പ്രദീപിനെ ആദരിക്കാൻ മുന്നോട്ടുവന്നത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും എഐവൈഎഫ് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി കെ രാജുവും പ്രദീപിനെ ആദരിച്ചു.

അപവാദപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് സധൈര്യം മുന്നോട്ട്...

പി എസ് സി ക്ലാസ് നല്ലരീതിയിൽ മുന്നോട്ടുപോകുമ്പോഴാണ് വാട്ട്സ്ആപ്പ് പോലെയുള്ള സാമൂഹികമാധ്യമങ്ങൾ വഴി ചില അപവാദപ്രചരണങ്ങളുണ്ടാകുന്നത്. ഇതുകൂടാതെ ക്ലാസ് നിർത്തണമെന്ന ഭീഷണികൾ ഫോൺ വഴിയും പ്രദീപിന് ലഭിച്ചു. ഈ പ്രതിബന്ധങ്ങൾക്ക് മുന്നിൽ ആദ്യമൊന്ന് പകച്ചെങ്കിലും സധൈര്യം മുന്നോട്ടുപോകാൻ തന്നെയായിരുന്നു പ്രദീപിന്‍റെ തീരുമാനം. വീട്ടുകാരും സുഹൃത്തുക്കളും വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം ഒന്നടങ്കം പ്രദീപിന് ഒപ്പം നിൽക്കുകയായിരുന്നു. എല്ലാ കുപ്രചരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ പ്രദീപ് മുന്നോട്ടുപോകുന്നു, ഇനിയും നൂറുകണക്കിന് പേരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ...

തയ്യാറാക്കിയത്- ജി ആര്‍ അനുരാജ്

Follow Us:
Download App:
  • android
  • ios