ക്യാന്‍സര്‍- ഈ കാലഘട്ടത്തിലെ മാരകമായ അസുഖം. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. എന്താണ് ക്യാന്‍സറിനുള്ള യഥാര്‍ത്ഥ കാരണം? മദ്യപാനം, പുകവലി, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലം എന്നിവയൊക്കെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ പേരിലും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം, ഡിഎന്‍എയിലുണ്ടാകുന്ന വികലമായ മാറ്റങ്ങളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രമുഖ ശാസ്‌ത്ര മാസികയായ ജേര്‍ണല്‍ സയന്‍സിലാണ് പുതിയ പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതേ വിഷയത്തില്‍ 2015ല്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിന് കൂടുതല്‍ സാധുത നല്‍കുന്നതാണ് പുതിയ പഠനവും. ഡിഎന്‍എയിലെ മാറ്റമാണ് അനിയന്ത്രിതമായ കോശവിഭജനത്തിന് കാരണമാകുന്നത്. ലോകത്താകമാനം 69 രാജ്യങ്ങളില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. ഡിഎന്‍എയിലുണ്ടാകുന്ന മാറ്റം, മൂന്നില്‍ രണ്ടുപേരിലും ക്യാന്‍സറിന് കാരണമാകുവിധം അനിയന്ത്രിതമായ കോശവിഭജനമായി മാറും. എന്നാല്‍ ഡിഎന്‍എയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ചിലരില്‍ തുടക്കത്തില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ തുടര്‍ച്ചയായി ഈ ഡിഎന്‍എ മാറ്റം, ഒടുവില്‍ ക്യാന്‍സറായി മാറും. അനാരോഗ്യകരമായ ഭക്ഷണശീലം, പുകവലി എന്നിവയൊക്കെ ഡിഎന്‍എയിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ്, ഇതുവഴിയുള്ള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു പരിധിവരെ ക്യാന്‍സര്‍ ഭീഷണിയില്‍നിന്ന് ഒഴിവാകാനാകുമെന്നും പഠനസംഘം പറയുന്നു.

ജോണ്‍സ് ഹോപ്‌കിന‍്സ് സര്‍വ്വകലാശാലയിലെ ക്രിസ്ത്യന്‍ തോമസെറ്റി, ഡോ. ബെര്‍ട്ട് വോഗള്‍സ്റ്റെയ്ന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 66 ശതമാനം ഡിഎന്‍എ മാറ്റങ്ങളും ക്യാന്‍സറായി പരിണമിക്കുന്നതായാണ് പഠനത്തിലെ പ്രധാന കണ്ടുപിടുത്തം. ഇതില്‍ 32 ശതമാനം പേരില്‍ തെറ്റായ ജീവിതശൈലിയും ശീലങ്ങളും കൊണ്ടാണ് ക്യാന‍്സര്‍ പിടിപെടുന്നത്. എന്നാല്‍ 29 ശതമാനം പേരില്‍ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും മലിനീകരണവും ഡിഎന്‍എ മാറ്റത്തിന് കാരണമാകുന്നതായി കണ്ടെത്തി. അഞ്ചുശതമാനം പേരില്‍ പാരമ്പര്യമായി ക്യാന്‍സര്‍ പിടിപെട്ടതായും പഠനത്തില്‍ വ്യക്തമായി.