ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്.

നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. നടുവേദന രൂക്ഷമാകുമ്പോഴാണ് പലരും ഡോക്ടറിനെ പോയി കാണുന്നതും. ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങൾ. 

നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ, കഠിനമായ ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്‌കുകൾ, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങൾ, അസ്ഥിക്ഷയം, നട്ടെല്ലിന്‍റെ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതവണ്ണം, മാനസിക പിരിമുറുക്കം, അർബുദം ഇവയും നടുവേദനക്കിടയാക്കാറുണ്ട്.

എന്നാല്‍ നട്ടെല്ലിലെ അണുബാധ മൂലവും നടുവേദന വരാം എന്നാണ് പുതിയ കണ്ടെത്തലുകള്‍. നട്ടെല്ലിലും ഡിസ്കുകളിൽ ബാക്ടീരിയ മൂലം പഴുപ്പ് ബാധിക്കുന്ന സ്പോണ്ടിലോഡിസൈറ്റിസ് എന്ന അസുഖം കൂടുന്നു എന്നും പഠനങ്ങള്‍ പറയുന്നു. സാധാരണയായി നട്ടെല്ലിൽ അണുബാധ ഉണ്ടാകാറില്ല. എന്നാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയിലെ ബാക്ടീരിയ നട്ടെല്ലിലേക്ക് പടർന്നാണ് നട്ടെല്ലിൽ പഴുപ്പ് ഉണ്ടാക്കുന്നത്. ഇതുമൂലം അതികഠിനമായ നടുവേദന ഉണ്ടാകും. അതിനാല്‍ നടുവേദന നിസാരമായി കാണരുത്. 

ഡിസ്‌കുകളിൽ സാധാരണഗതിയിൽ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുംതോറും ഡിസ്‌കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്‌കിന്‍റെ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്‌കുകൾ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. സ്ത്രീകളിലാണ് ഇന്ന് നടുവേദന കൂടുതലായി കണ്ട് വരുന്നത്. ഗർഭാശയത്തിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും രോഗങ്ങളും സ്ത്രീകളിൽ നടുവേദനക്കിടയാക്കാറുണ്ട്. ഗർഭകാലം, പ്രസവം, വയർ ചാടൽ, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളിൽ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ സ്ത്രീകളിൽ കൂടുതലായതിനാൽ നടുവേദനക്കുമിത് കാരണമാകാറുണ്ട്.