മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ മദ്യപാനത്തിന്റെ അളവ് കുറയ്‌ക്കണമെന്ന് പലരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കാറുണ്ട്, പക്ഷെ നടക്കാറില്ലെന്ന് മാത്രം. മദ്യപാനത്തിന്റെ അളവ് കുറയ്‌ക്കാന്‍ ഒരു വഴിയുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്ഥിരമായി മദ്യപിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് മാറ്റി, പകരം ചെറിയ ഗ്ലാസുകള്‍ ഉപയോഗിച്ചാല്‍ മദ്യപാനത്തിന്റെ അളവ് കുറയ്‌ക്കാനാകുമെന്നാണ് കേംബ്രി‍ഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. വലിയ ഗ്ലാസുകളില്‍ മദ്യപിക്കുന്നവര്‍ക്ക് കൂടുതല്‍ കുടിക്കാന്‍ തോന്നുമെന്നാണ് പ്രൊഫസര്‍ മാര്‍കസ് മുനാഫോയുടെ നേതൃത്വത്തിലുള്ള പഠന സംഘം വിലയിരുത്തുന്നത്. വലിയ ഗ്ലാസുകള്‍ ഉപയോഗിക്കുമ്പോള്‍, അത് പെട്ടെന്ന് കുടിച്ച്, അടുത്ത ഗ്ലാസ് ഓര്‍ഡര്‍ ചെയ്യാന്‍ മദ്യപര്‍ക്ക് തോന്നുമെന്നും പഠനസംഘം വിലയിരുത്തുന്നു. കേംബ്രി‍ഡ്ജ് സര്‍വ്വകലാശാലയ്‌ക്ക് സമീപമുള്ള ഒരു ബാര്‍ കേന്ദ്രമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമായത്. 2015 മാര്‍ച്ച് മുതല്‍ ജൂലൈ വരെ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠന റിപ്പോര്‍ട്ട് ബി എം സി പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.