പങ്കാളിയോട് നമുക്ക് താല്‍പര്യമുള്ളതെല്ലാം തുറന്നുപറയാം. എന്നാല്‍ പറയുന്നതിന്റെ രീതിയില്‍ ചില പരീക്ഷണങ്ങളാകാമെന്നാണ് ഒരു പഠനം പറയുന്നത്
പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നത് തന്നെ പരസ്പരം നടത്തുന്ന സംസാരത്തിലൂടെയാണെന്ന് പറയാം. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങളെയും മറികടക്കാനുള്ള ഏകമാര്‍ഗം തന്നെ തുറന്ന് സംസാരിക്കുകയെന്നതാണ്. എന്നാല്‍ പങ്കാളിയോട് സംസാരിക്കുന്നതിന് അങ്ങനെ കൃത്യമായ എന്തെങ്കിലും നിയമാവലിയുടെ ആവശ്യമുണ്ടോ?
പങ്കാളിയോട് നമുക്ക് താല്‍പര്യമുള്ളതെല്ലാം തുറന്നുപറയാം. എന്നാല്‍ പറയുന്നതിന്റെ രീതിയില്‍ ചില പരീക്ഷണങ്ങളാകാമെന്നാണ് ഒരു പഠനം പറയുന്നത്. ഏതുതരം വാക്കുകളാണ് പങ്കാളിയോട് സംസാരിക്കുമ്പോള്‍ ഉപയോഗിക്കാറ് എന്ന കാര്യം വരെ ബന്ധത്തെ സ്വാധീനിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് മേഗന്‍ റോബിന്‍സാണ് ഈ വിഷയത്തില്‍ രസകരമായ ഗവേഷണം നടത്തിയത്. പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ 'നമ്മള്‍' എന്ന വാക്ക് എത്രമാത്രം പറയുന്നുവോ അത്രമാത്രം അവരുടെ ബന്ധം സുദൃഢമാക്കുമത്രേ.
'ഞാന്‍' എന്ന വാക്കാണത്രേ പങ്കാളികള്‍ക്കിടയിലെ അപകടം പിടിച്ച വാക്കുകളിലൊന്ന്. 'ഞാന്‍' എന്ന് പറയുന്നതോടെ രണ്ടുപേരും സ്വതന്ത്രമായ രണ്ട് വ്യക്തികളായി നില്‍ക്കും. അതേസമയം 'നമ്മള്‍' എന്ന് പറയുന്നതോടെ പരസ്പരമുള്ള ആശ്രയം വെളിവാകുകയും, ബന്ധത്തില്‍ വിശ്വാസം ഉടലെടുക്കുകയും ചെയ്യുന്നതായും പഠനം കണ്ടെത്തി. പങ്കാളികള്‍ക്കിടയിലെ സ്‌നേഹം പോലും ഈ ഇടപെടലില്‍ സ്വാധീനപ്പെടുമത്രേ.

അയ്യായിരത്തിലധികം പേരെയാണ് മേഗന്‍ പഠനത്തിനായി ഉപയോഗിച്ചത്. ബന്ധങ്ങളുടെ ആകെയുള്ള വിലയിരുത്തല്‍ (തൃപ്തരാണോ, അല്ലയോ എന്നെല്ലാം ഉള്ള), ഇടപെടലിന്റെ ശൈലി (പൊസിറ്റീവ്, നെഗറ്റീവ് ശൈലികള്‍), മാനസികാരോഗ്യം, ശാരീരികാരോഗ്യം, പങ്കാളികള്‍ക്കിടയിലെ കരുതല്‍- ഇത്രയും കാര്യങ്ങള്‍ സംസാരത്തെ ആശ്രയിച്ചാണ് കിടക്കുന്നതെന്ന് മേഗന്‍ കണ്ടെത്തി. 'നമ്മള്‍' എന്നാവര്‍ത്തിച്ചുപറയുന്നവരില്‍ ഇക്കാര്യങ്ങളെല്ലാം ശുഭകരമായാണ് നിലനില്‍ക്കുന്നതെന്നും മേഗന്‍ തന്റെ പഠനത്തിലൂടെ വിലയിരുത്തി.
