ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ക്കാണെങ്കില്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതാകാം നടുവേദനയ്ക്കിടയാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അല്‍പസമയം നിവര്‍ന്നിരിക്കാനോ എഴുന്നേറ്റ് നടക്കാനോ ശ്രമിക്കുക. ഓഫീസ് സമയത്തിന് ശേഷം നടപ്പോ യോഗയോ ശീലമാക്കുന്നതും നന്നായിരിക്കും. 

എല്ലിന്റെ പ്രശ്‌നങ്ങളോ പ്രായമായതിന്റെ അവശതകളോ മൂലമോ, ശീലങ്ങളില്‍ നിന്നോ, വീഴ്ചയോ പരിക്കോ കാരണമോ ഒക്കെയാകാം നമുക്ക് നടുവേദന പിടിപെടുന്നത്. പലപ്പോഴും ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതും ചികിത്സ തേടാത്തതുമാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നത്. എന്തെല്ലാം കാര്യങ്ങളാണ് നടുവേദനയിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ്, ജീവിതരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഇതിന് അല്‍പം ആശ്വാസം ലഭിച്ചേക്കാം. 

മാറാത്ത നടുവേദനയുടെ കാരണങ്ങളിവയാകാം...

യുവാക്കളിലെ നടുവേദനയുടെ ഒരു പ്രധാന കാരണം മൊബൈല്‍ ഫോണിന്റെ അമിതോപയോഗമാണ്. ഇരിക്കുന്നതോ, കിടക്കുന്നതോ ആയ രീതിയില്‍ മാറ്റം വരുത്താതെ മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇത് നട്ടെല്ലിനെ തന്നെയാണ് പ്രധാനമായും ബാധിക്കുക. 

ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ക്കാണെങ്കില്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതാകാം നടുവേദനയ്ക്കിടയാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അല്‍പസമയം നിവര്‍ന്നിരിക്കാനോ എഴുന്നേറ്റ് നടക്കാനോ ശ്രമിക്കുക. ഓഫീസ് സമയത്തിന് ശേഷം നടപ്പോ യോഗയോ ശീലമാക്കുന്നതും നന്നായിരിക്കും. 

ജീവിതശൈലികള്‍ക്ക് പുറമെ, മാനസിക വിഷമതകളും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. കടുത്ത സമ്മര്‍ദ്ദങ്ങളോ, വിഷാദമോ ഒക്കെ ക്രമേണ നടുവേദനയിലേക്ക് വഴിവയ്ക്കും. ഹോര്‍മോണുകളിലെ വ്യതിയാനവും നടുവേദനയ്ക്ക് ഹേതുവാകാറുണ്ട്. ഏറെ നേരം ഒരുപോലെ ഇരിക്കുന്നതോ കിടക്കുന്നതോ നില്‍ക്കുന്നതോ എല്ലാം നട്ടെല്ലിന് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഉറങ്ങുമ്പോള്‍ എങ്ങിനെ കിടക്കുന്നുവെന്നത് പോലും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

പ്രായമാകുന്നതിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് തഴയാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് നടുവേദനയുടെ കാരണം കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും വേണം. തെറാപ്പി, യോഗ, അക്യൂപങ്ചര്‍ തുടങ്ങിയവയാണ് നടുവേദനയ്ക്ക് പ്രധാനമായും പിന്തുര്‍ന്നുവരുന്ന ചികിത്സാരീതികള്‍. ആയുര്‍വേദ വിധിപ്രകാരമുള്ള ഉഴിച്ചിലിനെയും ചിലര്‍ ആശ്രയിച്ചുവരാറുണ്ട്.