രോഗം ബാധിച്ച് ആദ്യഘട്ടത്തില്‍ രക്തത്തിലാകെ ബാക്ടീരിയകള്‍ നിറയും. രണ്ടാംഘട്ടത്തിലേക്ക് കടക്കും മുമ്പ് തന്നെ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ അപകടമാണ്. ഇതിലേറ്റവും കരുതേണ്ടത്, ഹൃദയത്തെയാണ് രോഗം ബാധിക്കുന്നത് എങ്കില്‍ മരണം ഉടന്‍ സംഭവിക്കുമെന്നതാണ് 

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിവരികയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് എലിപ്പനിയെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ലക്ഷണങ്ങളിലൂടെ എലിപ്പനിയെ തിരിച്ചറിഞ്ഞ് ആദ്യമേ ചികിത്സ ലഭ്യമാക്കാനും, പനി വരാതെ പ്രതിരോധിക്കാനും പ്രത്യേകം കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എലിപ്പനി കൂടുന്നുവെന്ന് മാത്രമല്ല ഇപ്പോള്‍ കണ്ടുവരുന്ന എലിപ്പനി ഏറെ ഗുരുതരമായ ഇനത്തില്‍ പെട്ടതാണെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. ടി.എസ് അനീഷ് പറയുന്നു. 

എലിപ്പനി ബാധിക്കുന്നതെങ്ങനെ?

എലികള്‍, കന്നുകാലികള്‍, പട്ടി, പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലാണ് കൂടുതല്‍ കരുതലെടുക്കേണ്ടത്. ഈ മുറിവുകളിലൂടെയോ തൊലിയിലൂടെയോ അണുക്കള്‍ ശരീരത്തിലെത്തുന്നു. കൂടുതല്‍ സമയം വെള്ളത്തില്‍ നില്‍ക്കുന്ന സാഹചര്യങ്ങളില്‍ തൊലി കുതിര്‍ന്ന് ഇതുവഴിയും അണുക്കള്‍ വേഗത്തില്‍ ശരീരത്തില്‍ കടക്കുന്നു. 

എലിപ്പനിയുടെ ലക്ഷണങ്ങളെന്ത്?

ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദി എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ എലിപ്പനി വിവിധ അവയവങ്ങളെ ബാധിക്കും. ശ്വാസകോശം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയെയാണ് പ്രധാനമായും ബാധിക്കുക. ഇവയില്‍ ഏത് അവയവത്തെ ബാധിച്ചാലും കരുതിയില്ലെങ്കില്‍ മരണം ഉറപ്പാണ്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് മരണസാധ്യത. മരണകാരണമാകുന്ന പകര്‍ച്ചവ്യാധികളില്‍ രണ്ടാം സ്ഥാനത്താണ് എലിപ്പനിയുള്ളതെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

എലിപ്പനി ബാധിച്ച് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്വാസകോശത്തില്‍ രക്തം നിറയും. തുടര്‍ന്ന് ഇത് രക്തസ്രാവത്തിന് കാരണമാകുന്നു. രോഗം ബാധിച്ച് ആദ്യഘട്ടത്തില്‍ രക്തത്തിലാകെ ബാക്ടീരിയകള്‍ നിറയും. രണ്ടാംഘട്ടത്തിലേക്ക് കടക്കും മുമ്പ് തന്നെ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ അപകടമാണ്. ഇതിലേറ്റവും കരുതേണ്ടത്, ഹൃദയത്തെയാണ് രോഗം ബാധിക്കുന്നത് എങ്കില്‍ മരണം ഉടന്‍ സംഭവിക്കുമെന്നതാണ്.

മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മൂന്ന് മുതല്‍ ആറാഴ്ച വരെ കൃത്യമായ അളവില്‍ ആന്റിബയോട്ടിക്കായ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നതിലൂടെ ഒരു പരിധി വരെ എലിപ്പനിയെ പ്രതിരോധിക്കാം. രോഗം ബാധിച്ചവര്‍ക്കാണെങ്കില്‍ ആന്റിബയോട്ടിക്കായ പെന്‍സിലിന്‍ ആണ് നല്‍കുന്നത്. അതേസമയം എലിപ്പനിയുടേതെന്ന രീതിയില്‍ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് രോഗം ഉണ്ടോ, ഇല്ലയോ എന്ന് സ്ഥിരീകരിക്കുകയാണ് ആദ്യം വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു.