മരുന്നുകളുടെ സഹായത്തോടെ മാറ്റാന്‍ കഴിയാത്ത 'സിവിയര്‍ ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍' പോലുള്ള അവസ്ഥകളിലാണ് പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട് അവലംബിച്ച് വരുന്നത്. സ്‌കാനിലൂടെ ലിംഗത്തിലേക്ക് രക്തയോട്ടം നടക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും

ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കുന്നതിനുള്ള പരിശോധനയാണ് പൊട്ടന്‍സി ടെസ്റ്റ്. ബലാത്സംഗം പോലുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിയമത്തിന്റെ അനുവാദത്തോട് കൂടിയാണ് ഈ പരിശോധന നടത്താറ്. കുറ്റാരോപിതരായ വ്യക്തിക്ക്, പരാതിയില്‍ പ്രതിപാദിച്ചിട്ടുള്ള കുറ്റം ചെയ്യാന്‍ കഴിവുണ്ടോയെന്ന് ഉറപ്പിക്കാനാണ് പൊട്ടന്‍സി ടെസ്റ്റ് ചെയ്യുന്നത്. 

പൊട്ടന്‍സി ടെസ്റ്റിനോടൊപ്പം ആദ്യഘട്ടത്തില്‍ രക്ത പരിശോധനയും നടത്തും. പ്രമേഹമോ, വൃക്ക സംബന്ധമായ അസുഖങ്ങളോ ഉണ്ടോയെന്ന് അറിയാനാണിത്. ഇത്തരം അസുഖങ്ങളുള്ളവരില്‍ ലൈംഗിക ശേഷി കുറയാനുള്ള സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് രക്ത പരിശോധന നടത്തുന്നത്. പൊട്ടന്‍സി ടെസ്റ്റുകള്‍ക്കായി പല രീതികളാണ് അവലംബിക്കാറ്. 

പ്രധാനപ്പെട്ട മൂന്ന് മാര്‍ഗങ്ങള്‍...

1. സെമന്‍ അനാലിസിസ്
2. പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട്
3. വിഷ്വല്‍ ഇറക്ഷന്‍ എക്‌സാമിനേഷന്‍

സെമന്‍ അനാലിസിസ്

പുരുഷ ബീജത്തിന്റെ വിശദമായ വിശകലനമാണ് ഈ പരിശോധനയില്‍ നടത്തുന്നത്. ശുക്ലം (സെമന്‍) പരിശോധിക്കുന്നതിലൂടെ പ്രധാനമായും ബീജത്തിന്റെ അളവ് (Sperm Count) ആണ് കണ്ടെത്തുന്നത്. പുരുഷന്മാരിലെ വന്ധ്യത, അല്ലെങ്കില്‍ ലൈംഗിക ശേഷിയെ നിര്‍ണ്ണയിക്കുന്നതില്‍ ബിജത്തിന്റെ അളവ് നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. 

സാധാരണഗതിയില്‍ കുട്ടികളില്ലാത്തവരോ, വാസെക്ടമി നടത്തിയവരോ ആണ് ഈ പരിശോധനയ്ക്ക് വിധേയരാകാറ്. ബീജം ദാനം ചെയ്യുന്നവരും ഈ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. എന്നാല്‍ ഉദ്ധാരണശേഷിയെ വിലയിരുത്താന്‍ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. 

പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട്

ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട്. ലിംഗത്തില്‍ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. 

ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലേക്ക് രക്തമോടിയെത്തണം. എന്നാല്‍ അങ്ങോട്ട് രക്തയോട്ടമില്ലാതാകുന്ന അവസ്ഥയുണ്ടാകാം, ഈ അവസ്ഥയിലാണ് പ്രധാനമായും ലിംഗോദ്ധാരണം നടക്കാതാകുന്നത്. മരുന്നുകളുടെ സഹായത്തോടെ മാറ്റാന്‍ കഴിയാത്ത 'സിവിയര്‍ ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍' പോലുള്ള അവസ്ഥകളിലാണ് പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട് അവലംബിച്ച് വരുന്നത്. സ്‌കാനിലൂടെ രക്തയോട്ടം നടക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാനാകും. രക്തയോട്ടം നടക്കാത്ത സാഹചര്യമാണെങ്കില്‍ തീര്‍ച്ചയായും അത് ഗുരുതരമായ പ്രശ്‌നമാണെന്നാണ് മനസ്സിലാക്കേണ്ടത്. ശസ്ത്രക്രിയ മാത്രമാണ് തുടര്‍ന്ന് ഇതിനായി ശേഷിക്കുന്ന ഏക ചികിത്സ. 

വിഷ്വല്‍ ഇറക്ഷന്‍ എക്‌സാമിനേഷന്‍

വളരെ ലളിതമായ ഒരു പരിശോധനയാണിത്. സാധാരണഗതിയിലിരിക്കുന്നതും ഉദ്ധരിച്ചിരിക്കുന്നതുമായ രണ്ട് അവസ്ഥകളിലും ലിംഗത്തെ പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ശേഷിക്കുറവോ പ്രശ്‌നമോ ഉണ്ടോയെന്ന് കണ്ടെത്താനാണിത് ചെയ്യുന്നത്. രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയില്‍ വിലയിരുത്തും. 

ഏത് മാര്‍ഗങ്ങള്‍ ആശ്രയിച്ചായാലും ഒരു വ്യക്തിയുടെ ലൈംഗിക ശേഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായും കണിശമായും കണ്ടെത്തുകയെന്നത് വിഷമകരമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു. ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക-വൈകാരിക സാഹചര്യങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.