യാത്രകളിലു മറ്റും സ്ത്രീകളെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് വൃത്തിയുള്ള ശുചിമുറികളുടെ അഭാവം. ശുചിമുറികള്‍ ഏറെയുണ്ടെങ്കിലും മിക്കപ്പോഴും അവയുടെ അവസ്ഥ പരിതാപകരം തന്നെയാണ് എന്നതാണ് വസ്തുത.

ദില്ലി: യാത്രകളിലു മറ്റും സ്ത്രീകളെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് വൃത്തിയുള്ള ശുചിമുറികളുടെ അഭാവം. ശുചിമുറികള്‍ ഏറെയുണ്ടെങ്കിലും മിക്കപ്പോഴും അവയുടെ അവസ്ഥ പരിതാപകരം തന്നെയാണ് എന്നതാണ് വസ്തുത. ഇതുമൂലം പലപ്പോഴും വീടുകളില്‍ മടങ്ങിയെത്തി മൂത്രമൊഴിക്കേണ്ട അവസ്ഥ നേരിടുന്നത് സാധാരണമാണ്.

എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനുള്ള ശ്രമം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ദില്ലി ഐഐടിയിലെ ഈ വിദ്യാര്‍ത്ഥികള്‍. നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന ഉത്പന്നമായ 'സാന്‍ഫി' യാണ് ഈ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഉല്‍പ്പന്നം ഉണ്ടാക്കുക മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ലക്ഷം 'സാന്‍ഫി' സൗജന്യമായി എത്തിക്കുകയാണ് ഇവര്‍.

വൃത്തിയുള്ള ശുചിമുറിയുടെ അഭാവത്തില്‍ മൂത്രം പിടിച്ച് വക്കേണ്ട അവസ്ഥയില്‍ നിന്ന് സ്ത്രീകള്‍ക്ക് ഉല്‍പന്നം ഉപകാരപ്രദമാകുമെന്നാണ് നിരീക്ഷണം. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും വാത സംബന്ധമായ രോഗമുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കും സാന്‍ഫി ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. 

വാട്ട് പ്രൂഫ് ആയ സാന്‍ഫി ജൈവികമായി നശിപ്പിക്കാന്‍ കഴിയും. ഉപയോഗിക്കാന്‍ ഇരു കരങ്ങുടെ സഹായം വേണ്ട എന്നുള്ളതും ഉല്‍പന്നത്തിന്റെ മെച്ചമായാണ് കാണുന്നത്. ഒരു തരത്തിലുള്ള അലര്‍ജിയും സാന്‍ഫി തൊലിപ്പുറത്ത് സൃഷ്ടിക്കില്ലെന്നും ഈ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.