മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ രണ്ടു മഹാരോഗങ്ങളാണ് എയ്ഡ്സും ക്യാന്‍സറും. ബോധവല്‍ക്കരണത്തിലൂടെയും മറ്റും എയ്ഡ്സിനെ ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കിയെങ്കിലും ക്യാന്‍സറിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ആധുനിക വൈദ്യശാസ്‌ത്രം. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ ക്യാന്‍സര്‍ മരണകാരണമായ അസുഖമായി പരിണമിക്കും. എന്നാല്‍ അടുത്തിടെ അമേരിക്കയില്‍നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയ പുതിയതരം പ്രോട്ടീന്‍ പ്രത്യാശയേകുകയാണ്. ക്യാന്‍സര്‍, എയ്ഡ്സ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ ഫലപ്രദമാകാന്‍ പോര്‍ബി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രോട്ടീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് നിസേരിയ മെനിഞ്ജൈഡിസ് എന്ന ബാക്‌ടീരിയയില്‍നിന്ന് പോര്‍ബി എന്ന പ്രോട്ടീന്‍ വികസിപ്പിച്ചെടുത്തത്. ഈ പ്രോട്ടീന്‍ ഉപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ വാക്‌സിനേഷന്‍ നടത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സാധാരണഗതിയില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ ആന്റിബോഡികളുടെ ഉല്‍പാദനം വര്‍ദ്ധിക്കുകയും സൈറ്റോടോക്‌സിക് ടി കോശങ്ങളെ ശക്തിപ്പെടുത്തി രോഗകാരികളെ നശിപ്പിക്കും. എന്നാല്‍ പുതിയ പ്രോട്ടീന്‍ ഉപയോഗിച്ചാല്‍ വാക്‌സിന്റെ മേല്‍പ്പറഞ്ഞ രണ്ടു പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നടക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.