ചില വിമാനയാത്രകള്‍ പകുതി ദിവസത്തോളം എടുക്കും. മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്ന പരാതി പലരും പറയാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാനത്തില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയും. അത്തരത്തിലുള്ള 9 കാര്യങ്ങളാണ് പറഞ്ഞുതരുന്നത്...
1, വിന്‍ഡോ സീറ്റ് റിസര്‍വ്വ് ചെയ്യുക-
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ വിന്‍ഡോ സീറ്റ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാകാതെ പെട്ടെന്ന് ഉറങ്ങാന്‍ ഇത് സഹായകരമാണ്.
2, പതിവ് ശീലങ്ങള്‍ മറക്കണ്ട-
രാത്രിയിലുള്ള വിമാനമാണെങ്കില്‍, പതിവുപോലെ വീട്ടില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യുക. പാല്‍ കുടിക്കുക, പല്ലു തേക്കുക, മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഓഫാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുക. അതിനുശേഷം ഉറങ്ങാന്‍ ശ്രമിക്കുക.
3, ഭക്ഷണം ശ്രദ്ധിക്കുക-
വിമാനയാത്രയ്‌ക്ക് മുന്നോടിയായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പാല്‍, നട്ട്സ്, മുട്ട എന്നിവയും പഴങ്ങളും കഴിക്കുന്നത് ഉറങ്ങാന്‍ ഏറെ സഹായിക്കും.
4, നല്ല മൂഡ് വേണം-
മനസില്‍ സമ്മര്‍ദ്ദവും വിഷമവും ഉണ്ടെങ്കില്‍ വിമാനയാത്രയ്‌ക്ക് മുമ്പ് അതൊക്കെ മാറ്റിവെയ്‌ക്കാന്‍ ശ്രമിക്കുക. നല്ല പ്രസന്നവും ശാന്തവുമായ മനസോടെ വേണം യാത്രയ്‌ക്കായി വിമാനത്തില്‍ കയറേണ്ടത്.
5, വിമാനത്തിലെ മദ്യപാനം വേണ്ട-
വിമാനത്തില്‍നിന്ന് ലഭിക്കുന്ന മദ്യവും മറ്റു ശീതളപാനീയങ്ങളും ഒഴിവാക്കുക. ഇത് കുടിച്ചാല്‍, തുടക്കത്തില്‍ ഉറക്കം വരുമെങ്കിലും പിന്നീട് അത് നഷ്‌ടമാകും.
6, തലയിണയും പുതപ്പും കരുതുക-
യാത്രയ്‌ക്കായി പുറപ്പെടുമ്പോള്‍ തലയിണയും പുതപ്പും കരുതാന്‍ മറക്കരുത്. വിമാനത്തിനുള്ളില്‍ ഇവ രണ്ടും ഉണ്ടെങ്കില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.
7, കണ്ണ് മൂടുക-
ചിലര്‍ക്ക് വെളിച്ചം കാരണം ഉറങ്ങാന്‍ സാധിക്കാറില്ല. വിമാനത്തിനുള്ളില്‍ ലൈറ്റുകള്‍ ഉള്ളതിനാല്‍ ചിലര്‍ക്ക് ഉറങ്ങാനാകില്ല. ഇത്തരക്കാര്‍ കൂളിംഗ് ഗ്ലാസോ, തുണിയോ മറ്റോ ഉപയോഗിച്ച് കണ്ണ് മൂടിയാല്‍ നന്നായി ഉറങ്ങാനാകും.
8, വായന-
ഉറക്കം വരാതെ ബോറടിക്കുന്നുണ്ടെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകം എടുത്ത് വായിച്ചാല്‍ ഉറങ്ങാനാകും. അതുകൊണ്ടുതന്നെ വിമാനയാത്രയ്‌ക്ക് മുമ്പ് അത്തരം പുസ്‌തകങ്ങള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്.
9, വെള്ളംകുടി-
വിമാനയാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു കുപ്പി വെള്ളമെങ്കിലും കൈയില്‍ കരുതണം. ഇടയ്‌ക്കിടെ വെള്ളം കുടിക്കുന്നത്, ഉറങ്ങാന്‍ സഹായിക്കുന്ന കാര്യമാണ്.
