തണുപ്പ് കാലത്ത് ഉണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ പലരും നിസാരമായാണ് കാണാറുള്ളത്. തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകുന്നതാണ് മിക്കവരുടെയും പ്രധാനപ്രശ്നം. തണുപ്പ് കാലത്ത് ചർമ്മത്തെ സംരക്ഷിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.  

1. തണുപ്പ് കാലത്ത് തൊലി വരണ്ട് പോകുന്നത് പലരുടെയും പ്രശ്നമാണ്. ചർമ്മം വരണ്ടു പോയാല്‍ അത് ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് തണുപ്പ് കാലത്തെ ചര്‍മ്മ പരിചരണത്തില്‍ പ്രധാനം. ഉണങ്ങിയ ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്.

2. മുഖത്തെയും കഴുത്തിലെയും ചര്‍മ്മ സംരക്ഷണത്തിന് അല്‍പം കടല മാവ് തേച്ച് മുഖം വൃത്തിയായി കഴുകണം. അതിനു ശേഷം കുറച്ച് കോള്‍ഡ് ക്രീം മുഖത്ത് പുരട്ടുക. കോള്‍ഡ് ക്രീം കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുന്നത് നല്ലതാണ്. ക്രീം അര മണിക്കൂര്‍ കഴിഞ്ഞ് പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റണം.

3. കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക.

4. ചര്‍മ്മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച്ച തുടര്‍ച്ചയായി പാലിന്റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക.

5. കാല്‍ വിണ്ടുകീറുന്നുണ്ടെങ്കില്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാലില്‍ പുരട്ടി കുറച്ച് സമയം കഴിഞ്ഞാല്‍ കഴുകി കളയുക. ഇങ്ങനെ തുടര്‍ച്ചയായി പുരട്ടിയാല്‍ മാറിക്കിട്ടും.

6. ചുണ്ടുകളിലെ തൊലി ഉണങ്ങിവിണ്ടുകീറി പോകാതിരിക്കാനായി രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുക.

7. തണുപ്പ് കാലത്ത് പാദങ്ങൾ സംരക്ഷിക്കാൻ ദിവസവും 10 മിനിറ്റ് ഇളം ചൂടുവെള്ളത്തിൽ പാദം മുക്കിവയ്ക്കുക. ഇതിന് ശേഷം ക്രീം പുരട്ടുക.

8. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ദേഹത്ത് മോയ്സ്ച്ചറെെസർ ക്രീം പുരട്ടാൻ ശ്രമിക്കുക. ചർമ്മം വളരെ ലോലമാകാനും തിളക്കമുള്ളതാക്കാനും സഹായിക്കും.