വണ്ടിയിൽ കയറി അൽപ ദൂരം കഴിഞ്ഞാൽ ഛർദ്ദിക്കാൻ തുടങ്ങുന്നവരുണ്ട്. ഛർദ്ദി കാരണം ദൂരയാത്ര പോലും പോകാൻ മടികാണിക്കുന്നവരുണ്ട്. പുരുഷന്മാരേക്കാൾ യാത്രക്കിടെ ഛർദ്ദിക്കാനുള്ള പ്രവണത സ്ത്രീകൾക്കാണുള്ളതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ​ ​ഗുളിക കഴിച്ച് ഛർദ്ദി തടഞ്ഞു നിർത്തുന്നവരുണ്ട്. ഛർദ്ദിയെ  പ്രകൃതിദത്തമായ പൊടിക്കെെകൾ കൊണ്ട് തന്നെ പ്രതിരോധിക്കാനാകും. 

ഛർദ്ദിയുള്ളവർ ദൂരയാത്ര പോകുമ്പോൾ തുടർച്ചയായി യാത്ര ചെയ്യാതെ ഇടയ്ക്കൊന്ന് നിർത്തി ആവശ്യമായ ഇടവേളകൾ നൽകി വേണം യാത്ര തുടരാൻ.യാത്ര പോകുന്നതിന് മുമ്പ് രണ്ടോ മൂന്നോ ഏലയ്ക്ക ചവക്കുന്നത് ഛർദ്ദി തടയാൻ സഹായിക്കും. ഏലയ്ക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛർദ്ദിക്ക് ശമനം നൽകും. ഛർദ്ദിയുള്ളവർ യാത്രയിലുടനീളം തുടർച്ചയായി പുസ്തകം വായിക്കുന്നത് ഒഴിവാക്കുക. കണ്ണെടുക്കാതെ പുസ്തകം വായിക്കുമ്പോൾ തലവേദനയും ഛർദ്ദിയും ഉണ്ടാകാം. 

ഛർദ്ദിയുള്ളവർ ഒന്നോ രണ്ടോ നാരങ്ങ കെെയ്യിൽ കരുതാവുന്നതാണ്. ഛർദ്ദിക്കാൻ തോന്നുമ്പോൾ നാരങ്ങ മണപ്പിക്കാം. നാരങ്ങയുടെ മണം ഛർദ്ദി കുറയ്ക്കാൻ സഹായിക്കും. മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിൽ കഴിക്കരുത്. യാത്രയ്ക്ക് മുൻപേ വയറ് നിറച്ച് ആഹാരം കഴിക്കാതിരിക്കുക.