വാർദ്ധക്യത്തിലും ചെറുപ്പം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.  ദിവസവും എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. സാധിക്കുമെങ്കിൽ ദിവസവും രാവിലെയും വെെകിട്ടും നടക്കാൻ ശ്രമിക്കുക. തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കരുത്. 

പ്രായമായി ഇനി എങ്ങനെ ആരോ​ഗ്യം കാത്ത് സൂക്ഷിക്കും എന്നതിനെ കുറിച്ചോർത്ത് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പമാകാനാണ് ശ്രമിക്കേണ്ടത്. വർദ്ധക്യത്തിൽ ശരീരവും മനസും ആരോ​ഗ്യത്തോടെയിരിക്കാൻ ചില ടിപ്പുകൾ സഹായിക്കും. പ്രായം കൂടുന്തോറും പ്രധാനമായി വേണ്ടത് ഉറക്കമാണ്. ഉറക്കമില്ലായ്മ ശരീരത്തെ കൂടുതൽ ബാധിക്കും. ദിവസവും എട്ടു മണിക്കൂർ ഉറങ്ങിയിരിക്കണം. അത് പോലെ മറ്റൊന്നാണ് ടിവി കാണുന്നതിന്റെ ദൈർഘ്യം കുറയ്ക്കുക. 

വയോജനങ്ങൾക്ക് പ്രധാനമായി വേണ്ടത് വ്യായാമമാണ്. സാധിക്കുമെങ്കിൽ ദിവസവും രാവിലെയും വെെകിട്ടും നടക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവിടാൻ സമയം കണ്ടെത്തുക. ധാരാളം പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക. പദപ്രശ്നം പൂരിപ്പിക്കാനുമൊക്കെ ഇഷ്ടമുള്ളവർക്ക് അതുമാകാം. ഓർമക്കുറവിനെ തടയാൻ ഇവ സഹായിക്കും. തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേൽക്കുക, നടക്കുക. ഒരു രോഗവുമില്ലെങ്കിലും മൂന്നോ നാലോ മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണണം. വർഷത്തിൽ രണ്ടു പ്രാവിശ്യം ഹെൽത്ത് ചെക്ക് അപ് നടത്തുക. 

ഇൻഫ്ലുവൻസ, ന്യൂമോണിയ വാക്സിനുകൾ, 50 വയസ്സിനു ശേഷം നൽകുന്ന ഹെർപിസ് സോസ്റ്റർ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ (അഡൽറ്റ് വാക്സിനേഷൻ) കൃത്യമായ ഇടവേളകളിൽ എടുക്കുക. കാൻസർ സാധ്യതകൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുക.ആരോഗ്യകരമായ ലൈംഗിക ജീവിതം ഉറപ്പാക്കുക. കാഴ്ചയും കേൾവിയും കുറയുന്ന ഘട്ടമെത്തിയതിനു ശേഷം ചികിത്സ തേടരുത്. അതിനു മുൻപുതന്നെ പരിശോധനകൾ നടത്തുക. 

പല വയോജനങ്ങളും പേരക്കുട്ടികളെ നോക്കുന്ന തിരക്കിലാണിപ്പോൾ. മാനസിക ഉല്ലാസത്തിന് ഇതു നല്ലതാണെങ്കിലും അച്ഛനും അമ്മയ്ക്കും പ്രായമായെന്ന ബോധ്യം മക്കൾക്ക് ഉണ്ടാകണം.മക്കൾ,ബന്ധുക്കൾ എല്ലാവരും പ്രായമായ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തോടെ വേണം പെരുമാറേണ്ടത്. പ്രായമാകുന്നത് ഒരു തെറ്റായ കാര്യമല്ല. ബാല്യവും കൗമാരവും യൗവനവും പോലെ വർദ്ധക്യ ഘട്ടവും ആസ്വദിക്കാനാകണം.

 ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അത് പോലെ തന്നെ മധുരപലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക. പ്രായമായി ഇനി പാൽ കുടിക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു ഏറെ നല്ലതാണ്. സാധിക്കുമെങ്കിൽ പാലിൽ ഒരു കഷ്ണം ഇഞ്ചിയിട്ട് കുടിക്കാൻ ശ്രമിക്കുക.