അകാലനര ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. മാനസികസമ്മർദ്ദം, പാരമ്പര്യം, വിറ്റാമിൻ ബിയുടെ കുറവ്, സോപ്പിന്റെയും ഷാംപൂവിന്റെയും ഉപയോഗം, പുകവലി, വിളർച്ച എന്നിവയാണ് അകാലനര ഉണ്ടാകാനുള്ള കാരണങ്ങൾ. നരയെ ഇന്ന് പലരും നിസാരമായിട്ടാണ് കാണാറുള്ളത്. നര മാറ്റാൻ ഡെെ ഉപയോഗിക്കുന്നവരാണ് ഇന്ന് അധിവും. അകാലനര തടയുന്നതിനും, അകാലനര വന്നിട്ടുണ്ടെങ്കില്‍ അവ അകറ്റാനുമുള്ള ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

 വീട്ടിൽ പരീക്ഷിക്കാവുന്ന  ചില പൊടിക്കെെകൾ...

1. നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുകയും അല്‍പസമയത്തിനുശേഷം കഴുകിക്കളയുകയും ചെയ്യുക.അകാലനര അകറ്റാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക. 

2. ചെറുതായി അരിഞ്ഞെടുത്ത നെല്ലിക്ക ഒരു സ്പൂണ്‍ തേനില്‍ മിക്സ് ചെയ്ത് പതിവായി കഴിക്കുക.

3. വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തെടുത്ത മിശ്രിതം തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക.

4. കറിവേപ്പില ഇട്ട് ചൂടാക്കിയ വെളിച്ചെണ്ണ അകാലനര തടയാന്‍ സഹായിക്കും . മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന വര്‍ണ്ണവസ്തു കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.

5. മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

6.  കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

7. നാരങ്ങാനീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും.

8. നെല്ലിക്കാനീര് , ബദാം ഓയില്‍ , നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മസാജ് ചെയ്യുന്നത് അകാലനരയെ പ്രതിരോധിക്കും.

9. കുളിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് കറുപ്പ് നിറം തിരികെ ലഭിക്കും.

10. അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടിക്ക് കറുപ്പു നിറം ലഭിക്കും.

ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം...

1.ഇരുമ്പ്, വിറ്റാമിൻ സി, മിനറൽസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക.

 2.സിങ്ക്, കോപ്പര്‍ എന്നീ ഘടകങ്ങള്‍ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അതിനാല്‍ കോളിഫ്ലവര്‍ , വാഴപ്പഴം , തക്കാളി, ധാന്യം , ലിവര്‍ മുതലായവ കഴിക്കുക.

3. കോപ്പറിന്‍റെ അംശം അടങ്ങിയ ബദാം , ഞണ്ട്, ചെമ്മീന്‍ , മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

4. വാഴപ്പഴം , ‌ക്യാരറ്റ് , മത്സ്യം മുതലായവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. ആന്‍റി ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണവും അകാലനരയെ പ്രതിരോധിക്കും.