ഇരുന്നുള്ള ജോലി ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഒരാഴ്ച്ചയില്‍ 45 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.

 രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇതു കാരണമാകമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം. അധികസമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.  ഇരുന്ന് ജോലി ചെയ്യുന്നവരിൽ ചീത്ത കൊളസ്ട്രോൾ കൂടുകയും നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു. 

പ്രമേഹം, ​ഹൃദ്രോ​ഗം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ക്യത്യമായി വ്യായാമം ചെയ്താൽ മതിയെന്നാണ് വിദ​ഗ്ധർ പറയുന്നത്. അഞ്ച് മണിക്കൂർ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് ഇം​ഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ലെയ്സ്റ്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.