കാട്ടിലേക്ക് ട്രക്കിംഗിന് പോകുന്നത് ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു തരംഗം തന്നെയാണ്. മുമ്പൊക്കെ കൂട്ടുകാര്‍ കൂടി ഊട്ടിയിലോ കൊടൈക്കനാലിലോ മൈസൂരിലോ ദില്ലിയിലോ ഒക്കെ കറങ്ങാന്‍ പോകും. എന്നാലിപ്പോ നേരെ കാടുകളിലേക്കാണ് യാത്ര. 

യാത്രയ്ക്കിടയില്‍ അവിചാരിതമായി കാട്ടുമൃഗങ്ങളെ കൂടി കണ്ടാല്‍ പിന്നെ പറയാനുമില്ല. ആഘോഷമായി. എന്നാല്‍ ഇത് എപ്പോഴും അത്ര സുരക്ഷിതത്വം ഉറപ്പിക്കുന്നില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിന് തെളിവാണ് 'വൈല്‍ഡ് ആനിമല്‍സ്' എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ. 

കാട്ടിനകത്ത് ജീപ്പില്‍ യാത്ര പോകുന്ന ഒരു സംഘം. പെടുന്നനെ വഴിയില്‍ ഒരു കാട്ടാനയെ കാണുന്നു. വണ്ടിയുടെ മുമ്പില്‍, പുറത്തായി ഘടിപ്പിച്ചിരിക്കുന്ന ഒറ്റസീറ്റില്‍ ഗൈഡ് ഇരിപ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍ വാഹനം പുറകോട്ടെടുക്കാന്‍ തുടങ്ങി. വാഹനം നീങ്ങാന്‍ തുടങ്ങിയതോടെ ആനയും വേഗത്തില്‍ പാഞ്ഞുവരുന്നു. എന്നാല്‍ ഗൈഡ് ഉള്‍പ്പെടെ സംഘത്തിലുള്ള ആരും ഭയപ്പെടുന്നില്ല. 

അവര്‍ വാഹനം പുറകിലേക്ക് ഓടിച്ചും, വഴി മാറ്റി ഓടിച്ചുമെല്ലാം ആനയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരുകൂട്ടം ആനകള്‍ക്കിടയില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നു. ഫേസ്ബുക്കില്‍ നിന്ന് മാത്രം അയ്യായിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

അപകടകരമായ രീതിയാണ് ഇതെന്നും ഇത്തരത്തില്‍ കാട്ടുമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അത്ര നല്ലതല്ലെന്നുമാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. അപ്രതീക്ഷിതമായി ഇത്തരത്തിലൊരു അപകടാവസ്ഥ വരികയും, അറിയാത്ത മറ്റേതെങ്കിലും വഴിയിലേക്ക് വാഹനമോടിച്ച് പോകേണ്ടിയും വന്നെങ്കിലോ? വണ്ടിയിലെ എണ്ണ തീര്‍ന്നുപോയിരുന്നെങ്കിലോ? അല്ലെങ്കില്‍ യന്ത്രമല്ലേ, ആ വണ്ടിയൊന്ന് നിന്നുപോയിരുന്നെങ്കിലോ?

ഇനിയും യാത്ര പോകുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം നമുക്ക് ശ്രദ്ധയില്‍ വയ്ക്കാം. കാട്ടിനകത്ത്, കാട്ടുമൃഗങ്ങളുടേത് മാത്രമായ ഇടങ്ങളിലേക്ക് കടന്നുകയറുന്നതും അവയെ പ്രകോപിപ്പിക്കുന്നതും അനാരോഗ്യകരമാണ്. മാത്രമല്ല, ഇത് നിയമവിരുദ്ധവുമാണ് എന്നോര്‍മ്മ വേണം. മൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളിലേക്ക് ശല്യം പോലെയാണ് നമ്മള്‍ അതിക്രമിച്ച് കയറുന്നത്. ഇത് നമുക്കും അവര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അപ്പോള്‍, ഇനി കാട്ടിലേക്ക് പോകുമ്പോള്‍ ഇക്കാര്യമെല്ലാം ഓര്‍ക്കുമല്ലോ അല്ലേ? 

വീഡിയോ കാണാം...