തമിഴ് നടി തൃഷ കൃഷ്ണന് യുനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ് പദവി. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് തൃഷയ്ക്ക് ഈ പദവി നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി ആഗോളദിനത്തില്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ യുനിസെഫ് കേരള തമിഴ്നാട് മേധാവി ജോബ് സഖറിയ തൃഷയ്ക്ക് പദവി സമ്മാനിച്ചു.
കുട്ടികളുടെ നീതിയ്ക്ക് വേണ്ടി ഇനി തൃഷ പ്രവര്‍ത്തിക്കുമെന്ന് പദവി നല്‍കകൊണ്ട് ജോബ് സഖറിയ വ്യക്തമാക്കി. കുട്ടികള്‍ അനുഭവിക്കുന്ന അനീമിയ, ശൈശവവിവാഹം, ബാലവേല, ബാലപീഡനം എന്നീ വിഷയങ്ങളെ നേരിടാന്‍ തൃഷ പൂര്‍ണപിന്തുണ നല്‍കും. അതിനുള്ള കഴിവും പ്രാപ്തിയുമുള്ള നടിയാണ് തൃഷയെന്നും അദ്ദേഹം പറഞ്ഞു.
ഈ പദവി സ്വന്തമാക്കുന്ന തെന്നിന്ത്യയില്‍നിന്നുള്ള ആദ്യ ചലച്ചിത്ര താരമാണ് തൃഷ. പെണ്‍കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കുട്ടികളുടെ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് തൃഷ ഉറപ്പ് നല്‍കി. പോഷകാഹാരക്കുറവ്, വെളിയിട വിസര്‍ജനം എന്നിവ തുടച്ച് നീക്കുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും തൃഷ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികളുടെ ഉന്നമനത്തിനാണ് താരം മുഖ്യ പരിഗണന നല്‍കുക.
ഇന്ന് മുതല്‍ താന്‍ ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്ന് പദവി സ്വീകരിച്ചതിന് ശേഷം തൃഷ ട്വിറ്ററില്‍ കുറിച്ചു.
