ഏഴ് മാസം മാത്രം പ്രായമുള്ള ഇസബെല്ലയും ഗബ്രിയേലയുമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം താരങ്ങള്‍. ഇരട്ടകളായ ഇരുവരും ഇവരുടെ ജന്മം കൊണ്ടുതന്നെ വ്യത്യസ്തരായവരാണ്. ഇരട്ടകളെങ്കിലും ഇരുവരുടെയും നിറമാണ് ഇവരെ വേറിട്ട് നിര്‍ത്തുന്നത്. ഇസബെല്ല വെളുത്തവളെങ്കില്‍ ഗബ്രിയേല കറുപ്പാണ്. കുട്ടികള്‍ കാണാന്‍ വ്യത്യസ്തരാകാറുണ്ടെങ്കിലും ഇരു നിറങ്ങളില്‍ ജനിയ്ക്കുന്നത് അപൂര്‍വ്വമാണ്. 

ഈ സുന്ദരിക്കുട്ടികളുടെ അമ്മ ക്ലെമന്‍റെ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ക്ലെമന്‍റയ്ക്ക് രണ്ട് വയസ്സ് പ്രായമായ ഒരു മകള്‍ കൂടിയുണ്ട്. ലിറ്റില്‍ സ്ട്രോംഗ് ഗേള്‍സ് എന്ന പേരില്‍ ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമില്‍ ക്ലെമന്‍റെ അക്കൗണ്ട് തുടങ്ങിത് മുതല്‍ ഇവരെ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്. 

ചിലരുടെ പ്രാര്‍ത്ഥന ഇതുപോലെ രണ്ട് മാലാഖ കുട്ടികളെ തരണമെന്നാണ്. ചിലരാകട്ടെ കുരുന്നുകളെ സ്നേഹ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നു. അതേസമയം ട്രോളുകളും ഈ കുരുന്നുകള്‍ക്കെതിരെ വരുന്നുണ്ട്. ഗബ്രിയേലയുടെ നിറത്തെ പരാമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാനില്ല ക്ലെമന്‍റെ. മാജിക് എന്നാണ് അവര്‍ ഈ കുഞ്ഞുങ്ങളുടെ പിറവിയെ വിശേഷിപ്പിക്കുന്നത്.