'ആളുകള്‍ക്ക് അവളെപ്പറ്റി ഇതേ പറയാനുള്ളൂ. എന്ത് സുന്ദരിയാണ്, എന്ത് ഭംഗിയുള്ള കണ്ണുകളാണ്.. അങ്ങനെയൊക്കെ... അത് കേള്‍ക്കുമ്പോള്‍ എനിക്ക് എന്ത് പറയണമെന്ന് അറിയാതെയാകും. അവളുടെ കണ്ണുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തണേയെന്ന് ഒന്ന് സംശയിക്കും'

ആരും ഒന്ന് നോക്കിപ്പോകും അവളുടെ കണ്ണുകള്‍ കണ്ടാല്‍. അത്രയും മിഴിവും അഴകുമാണ് രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു. അമ്മ കെരീനയെ ആദ്യം ആകര്‍ഷിച്ചതും അവളുടെ കണ്ണുകളായിരുന്നു. എന്നാല്‍ അവളുടെ കണ്ണുകളുടെ അസാധാരണമായ വലിപ്പവും, ആകൃതിയിലുള്ള വ്യത്യാസവുമെല്ലാം അച്ഛന്‍ മിറോണും മറ്റ് ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആരും അക്കാര്യം കെരീനയോട് പറഞ്ഞില്ല. 

പിന്നീട് ഡോക്ടര്‍മാര്‍ക്ക് തന്നെ ആ സത്യം കെരീനയോട് പറയേണ്ടിവന്നു. ഒരു ജനിതക രോഗമാണ് മെഹലാനിയുടെ കണ്ണുകളുടെ ഭംഗിക്ക് പിന്നിലെ രഹസ്യം. 'ആക്‌സന്‍ഫെല്‍ഡ്- ഗീഗര്‍' (Axenfeld-Gieger) എന്ന അസുഖത്തെപ്പറ്റി അതിന് മുമ്പ് കെരീന കേട്ടിരുന്നില്ല. അത് എന്താണെന്ന് പോലും അറിയില്ല. കണ്ണുകളിലെ ഐറിസ് ഒന്നുകില്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ തീരെ ചെറുതായിരിക്കും, കൃഷ്ണമണിയാണെങ്കില്‍ വളരെ വലുതും, കൃത്യമായി ആകൃതിയില്ലാത്തതും ആയിരിക്കും. ക്രമേണ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന ഭീകരമായ അസുഖം!

മകളുടെ മുഖത്തേക്ക് ഓരോ തവണ നോക്കുമ്പോഴും കെരീനയുടെ ഹൃദയം ഉറക്കെയിടിച്ചു. അങ്ങനെ പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അടിയന്തരമായ ശസ്ത്രക്രിയ ഉടന്‍ നടത്തി. അതിനാല്‍ കാഴ്ച നഷ്ടപ്പെടാതെ മെഹലാനിയെ രക്ഷപ്പെടുത്താനായി. എങ്കിലും കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. 

വെളിച്ചം നേരിടാനുള്ള കഴിവ് കുറവായതിനാല്‍ സണ്‍ഗ്ലാസ് വച്ചാണ് മെഹലാനി പുറത്തേക്കിറങ്ങുന്നത്. മിനോസോട്ടയിലെ വീടിന്റെ മുറ്റത്തേക്ക് പോലും ഈ ഗ്ലാസില്ലാതെ കുഞ്ഞ് മെഹലാനിക്ക് ഇറങ്ങിക്കൂട. കളിച്ച് ചിരിച്ച് നടക്കുന്ന മെഹലാനിയെ കാണുമ്പോള്‍ അപരിചിതര്‍ പോലും ഒന്ന് ലാളിക്കുമെന്നും, അവര്‍ അവളുടെ കണ്ണുകളെപ്പറ്റി പുകഴ്ത്തുമ്പോള്‍ തനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ട് പോവുകയാണ് പതിവെന്നും കെരീന പറയുന്നു. 

'ആളുകള്‍ക്ക് അവളെപ്പറ്റി ഇതേ പറയാനുള്ളൂ. എന്ത് സുന്ദരിയാണ്, എന്ത് ഭംഗിയുള്ള കണ്ണുകളാണ്.. അങ്ങനെയൊക്കെ... അത് കേള്‍ക്കുമ്പോള്‍ എനിക്ക് എന്ത് പറയണമെന്ന് അറിയാതെയാകും. അവളുടെ കണ്ണുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തണേയെന്ന് ഒന്ന് സംശയിക്കും. പിന്നെ വേണ്ടെന്ന് വയ്ക്കും. ആരെങ്കിലും കണ്ണുകളെ പുകഴ്ത്തി സംസാരിച്ചാല്‍, ചിരിച്ച് അവരോട് നന്ദി പറയണമെന്ന് ഞാനവളെ പഠിപ്പിക്കുന്നുണ്ട്'- കെരീന പറഞ്ഞു. 

Scroll to load tweet…

കെരീന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് മെഹലാനി ശ്രദ്ധിക്കപ്പെടുന്നത്. മെഹലാനിയുടെ സുന്ദരമായ ചിത്രങ്ങള്‍ വൈറലായതോടെയാണ് അവളുടെ രോഗത്തെപ്പറ്റിയും കെരീന വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി ഈ രോഗത്തെപ്പറ്റി കൂടുതല്‍ പറയാനും അറിയാനുമായി ഒരു കമ്മ്യൂണിറ്റി തന്നെ കെരീന ഇതിനോടകം തുടങ്ങി. അതിനിടെ മെഹലാനിക്കായി ഇപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് പ്രാര്‍ത്ഥനയും സ്‌നേഹവും നേരുന്ന സന്ദേശങ്ങളുമായെത്തുന്നത്.