തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്ന ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസെന്ന് പ്രാഥമിക നിഗമനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയിലാണ് ടൈപ്പ് വണ്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ടൈപ്പ് വണ്‍ വൈറസ്, പരിശോധനയില്‍ കണ്ടെത്താന്‍ പ്രയാസമാണ്.

ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ രക്ത സാംപിളുകളാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി വിശദ പരിശോധന നടത്തിയത്. ഇതില്‍ 46 ശതമാനം പേര്‍ക്കും ഡെങ്കിപ്പനിക്ക് കാരണമായത് ടൈപ്പ് വണ്‍ വൈറസ്. 22 ശതമാനം പേരെ ബാധിച്ചത് ടൈപ്പ് 3 വൈറസ്. ടൈപ്പ് 4 വൈറസിന്റ ആക്രമണത്തിന് വിധേയരായത് 12ശതമാനം പേര്‍. ടൈപ്പ് വണ്ണും ടൈപ്പ് ത്രീയും ഒരുമിച്ച് കീഴ്‌പ്പെടുത്തിയത് 10 ശതമാനം പേരെ.

ടൈപ്പ് വണ്‍ വൈറസ് വഴിയുള്ള ഡെങ്കി ബാധിച്ചാല്‍ അത് പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണെന്ന് വിദഗ്ധര്‍. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തുടങ്ങണം. നിലവിലുളള നാലുതരം വൈറസുകളില്‍ പെടാത്ത ഡെങ്കിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. അത് ടൈപ്പ് 5 ആണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ തുടരുകയാണ്.