സഹയാത്രിക

പ്രണയരഹിതമായ ഒരു ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാനാകില്ല. ഒരര്‍ത്ഥത്തില്‍ ലോകത്തെ ഇത്രമേല്‍ മനോഹരമാക്കുന്നത് പ്രണയമല്ലേ? കല, സാഹിത്യം, സിനിമ എന്നിങ്ങനെ സുരഭിലമായ എല്ലാത്തിനും അടിസ്ഥാനം തന്നെ പ്രണയമാണ്. ലോകത്തെ മാറ്റിമറിക്കാന്‍ പ്രണയത്തിനാകും. പ്രണയിക്കുന്നവരുടെ ശരീരത്തിലും ചില മാന്ത്രിക മാറ്റങ്ങള്‍ വരുത്താന്‍ പ്രണയത്തിനാകും. പ്രണയം സംഭവിക്കുന്നത് മൂന്ന് ഘട്ടങ്ങളായാണ് ആഗ്രഹം, ആകര്‍ഷണം, ബന്ധനം. ഓരോ ഘട്ടത്തിലും ശരീരം ചില പ്രത്യേക രീതിയില്‍ പ്രതികരിക്കുന്നു.

ഹൃദയം കൊണ്ട് പ്രണയിക്കുക എന്നൊക്കെ പറയാറുണ്ടെങ്കിലും പ്രണയം പ്രവര്‍ത്തിക്കുന്നത് തലച്ചോറിലാണ്. പ്രണയിക്കുമ്പോള്‍ തലച്ചോറിലോക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഹൃദയവും പ്രണയത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മാത്രം. പ്രണയം തലച്ചോറില്‍ ഒരു മയക്കുമരുന്ന് പോലെ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് പ്രണയിക്കുന്നവര്‍ പലപ്പോഴും മായാലോകത്ത് ആയിരിക്കും. പ്രണയഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ കൂടാതെ അഡ്രിനാലിന്‍, വാസോപ്രസ്സിന്‍ തുടങ്ങിയ ഹോര്‍മോണുകളും ഈ സമയത്ത് ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള ഓക്‌സിടോസിന്‍ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു. തലവേദന, മൈഗ്രെയ്ന്‍ പോലുള്ള അസുഖങ്ങളുടെ തീവ്രത കുറക്കാന്‍ പ്രണയത്തിന് കഴിയുമെന്നര്‍ത്ഥം.

തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉദ്ദീപിപ്പിക്കുമ്പോള്‍ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം പ്രണയം മന്ദിപ്പിക്കുകയും ചെയ്യും.

നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള നമ്മുടെ കഴിവിനെ പ്രണയം പുറകോട്ട് വലിക്കും. പ്രണയികള്‍ പലപ്പോഴും മണ്ടന്‍ തീരുമാനങ്ങള്‍ ആയിരിക്കും എടുക്കുക. ഞാനെന്ത് മണ്ടത്തരമാണ് കാണിച്ചതെന്ന് പിന്നീട് അത്ഭുതപ്പെടുകയും ചെയ്യും. പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. പ്രണയി/ പ്രണയിനിയെ നോക്കി ഇരിക്കുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണികള്‍ വികസിക്കുമത്രേ. നിങ്ങളിലെ ജിജ്ഞാസയും പരിഭ്രമവുമാണ് ഇതിന് കാരണം.

പ്രണയിക്കൂ.. നിങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രണയത്തിനാകും. പ്രണയവും ഒരു മരുന്നാണ്.