രുചിയുടെ കാര്യത്തില്‍ കേരളീയ വിഭവങ്ങള്‍ ഒട്ടും പിന്നിലല്ല. അന്യ സംസ്ഥാനക്കാരും വിദേശികളുംവരെ നമ്മുടെ ഭക്ഷണം ഇഷ്‌ടപ്പെടുന്നുണ്ട്. ബോളിവുഡില്‍ വരെ നമ്മുടെ രുചിപ്പെരുമ എത്തിയിരിക്കുകയാണ്. ബോളിവുഡ് നടിയും പാലക്കാട്ടുകാരിയുമായ വിദ്യാബാലന് കേരളീയ വിഭവങ്ങള്‍ എന്നെന്നും പ്രിയപ്പെട്ടതാണ്. ഇവിടെയിതാ, ബോളിവുഡ് താരം വിദ്യാ ബാലന് കേരളീയ പച്ചടി ഒരുപാട് ഇഷ്‌ടമാണ്. കഴിഞ്ഞദിവസം വിദ്യാബാലന്‍ സ്റ്റൈല്‍ പച്ചടിയുടെ രുചിക്കൂട്ട് അവര്‍ വെളിപ്പെടുത്തുകയും ചെയ്‌തു. അതെന്താണെന്ന് നോക്കാം..

ചേരുവ- 1

മത്തങ്ങ- 500 ഗ്രാം
പുളി- ഒരു നാരങ്ങയുടെ വലുപ്പത്തില്‍
മഞ്ഞള്‍പ്പൊടി- അരടീസ്‌പൂണ്‍
ശര്‍ക്കര- അമ്പത് ഗ്രാം
ഉപ്പ്- ആവശ്യത്തിന്

ചേരുവ- 2

തേങ്ങ തിരുകിയത്- രണ്ട് ടേബിള്‍ സ്‌പൂണ്‍
കടുക്- അര ടീസ്‌പൂണ്‍
പച്ചമുളക്- 2 എണ്ണം

തയ്യാറാക്കുന്നവിധം-

മത്തങ്ങ ചെറുതായി അരിയുക. അര കപ്പ് വെള്ളത്തില്‍ പുളി കുതിര്‍ക്കുക. പതിനഞ്ചുമിനിട്ടിന് ശേഷം പുളി നന്നായി വെള്ളത്തിലേക്ക് പിഴിയുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി അരച്ചെടുത്തശേഷം മാറ്റിവെക്കുക.

മത്തങ്ങ അരിഞ്ഞത് ഒരു പാത്രത്തില്‍ എടുത്ത്, അതിലേക്ക് പുളിവെള്ളം, മഞ്ഞള്‍പ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ക്കുക. ഇത് ചെറിയ തീയില്‍ തിളപ്പിക്കുക. ഇടയ്‌ക്ക് അല്‍പ്പം വെള്ളം ചേര്‍ത്തു വേവിക്കുക. നന്നായി ഉടയുന്നതുവരെ വേവിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് തേങ്ങ അരച്ചെടുത്തത്, ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളംകൂടി ചേര്‍ത്ത് ചൂടാക്കുക. മറ്റൊരു ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച് കടുക് വറുക്കുക. ചാര നിറമാകുമ്പോള്‍, കടുക് വറുത്തത് മത്തങ്ങ വേവിച്ചതിലേക്ക് ചേര്‍ത്താല്‍ നല്ല അസല്‍ പച്ചടി റെഡിയായികഴിഞ്ഞു.