ചികിത്സയ്ക്ക് പുറമെ, ജീവിതരീതികളിലും പ്രമേഹരോഗികള്‍ ചില കരുതലുകള്‍ സൂക്ഷിക്കേണ്ടതുണ്ടാകാം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് ഈ സൂക്ഷ്മത പുലര്‍ത്തേണ്ടത്. മരുന്നിനൊപ്പം ഭക്ഷണം കൂടി നിയന്ത്രിക്കുന്നതോടെയാണ് പ്രമേഹം പരിപൂര്‍ണ്ണമായും നിയന്ത്രിതമാകുന്നത്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന സാഹചര്യത്തിലാണ് ഒരാള്‍ പ്രമേഹരോഗിയാണെന്ന് നിര്‍ണ്ണയിക്കപ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് പ്രമേഹം പിടിപെടാം. പ്രധാനമായും ജീവിതശൈലികളാണ് ഇതിന് അടിസ്ഥാനമാകുന്നത്. ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ പ്രമേഹം മാറുകയെന്നത് അത്രമാത്രം അപൂര്‍വ്വമായ കാര്യമാണ്. ചികിത്സയിലൂടെ നിയന്ത്രിച്ചുനിര്‍ത്താമെന്നതാണ് ഏകമാര്‍ഗം. 

എന്നാല്‍ ചികിത്സയ്ക്ക് പുറമെ, ജീവിതരീതികളിലും പ്രമേഹരോഗികള്‍ ചില കരുതലുകള്‍ സൂക്ഷിക്കേണ്ടതുണ്ടാകാം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് ഈ സൂക്ഷ്മത പുലര്‍ത്തേണ്ടത്. മരുന്നിനൊപ്പം ഭക്ഷണം കൂടി നിയന്ത്രിക്കുന്നതോടെയാണ് പ്രമേഹം പരിപൂര്‍ണ്ണമായും നിയന്ത്രിതമാകുന്നത്. 

ഇത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് സഹായകമാകുന്ന ഒരു വിവരമാണ് ഒരുകൂട്ടം ആരോഗ്യവിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. അതായത് വിറ്റാമിന്‍- ഡി ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും ഇതുവഴി ടൈപ്പ്- 2 പ്രമേഹം കുറയ്ക്കാനോ തടയാനോ കഴിയുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. 'എന്‍.എ.എം.എസ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

വിറ്റാമിന്‍-ഡി പ്രമേഹത്തെ ചെറുക്കുമെന്ന കണ്ടെത്തല്‍ സ്ത്രീകളിലാണ് ഏറെയും പ്രാവര്‍ത്തികമാകുകയെന്നും ഇവര്‍ വാദിക്കുന്നു. പഠനത്തിനായി ഇവര്‍ വിറ്റാമിന്‍- ഡി അടങ്ങിയ മരുന്നുകള്‍ നല്‍കി നിരീക്ഷിച്ചതും സ്ത്രീകളെയാണ്. തുടര്‍ന്ന് ഇത്തരം മരുന്നുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രിക്കുന്നുവെന്നും ഇതുവഴി ടൈപ്പ്-2 പ്രമേഹം ചെറുക്കപ്പെടുന്നുവെന്നുമുള്ള നിഗമനത്തില്‍ ഇവര്‍ എത്തുകയായിരുന്നു. 

വിറ്റാമിന്‍-ഡി അടങ്ങിയ മരുന്നല്ല, പകരം ഭക്ഷണം കഴിക്കുകയാണ് കുറെക്കൂടി ആരോഗ്യകരമായിട്ടുള്ളത്. അത്തരത്തിലുള്ള ഭക്ഷണം നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താനും വളരെ എളുപ്പമാണ്. 

വിറ്റാമിന്‍-ഡി അടങ്ങിയ ചില ഭക്ഷണങ്ങള്‍...

1. എല്ലാതരം മീനുകളും
2. കോഡ് ലിവര്‍ ഓയില്‍
3. മുട്ടയുടെ മഞ്ഞക്കരുവും ചീസും
4. കൂണ്‍
5. പാല്‍, സോയ മില്‍ക്ക്, ഓറഞ്ച് ജ്യൂസ്