ഈ അഞ്ച് ലക്ഷണങ്ങളെ സൂക്ഷിക്കുക

First Published 11, May 2018, 12:30 PM IST
Warning signs of heart attack
Highlights
  • ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവുമാണ് കാരണം

ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്നതാണ്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. പെട്ടെന്നുള്ള മരണത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.

ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവും ഹൃദയാഘാതം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്. ഹൃദയാഘാതത്തിന്‍റെ അഞ്ച് ലക്ഷണങ്ങള്‍ നോക്കാം. 

1. നെഞ്ച് വേദന

ഹൃദ്രോഗത്തിന്‍റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകള്‍ അവഗണിക്കരുത്. നെഞ്ചില്‍ തുടര്‍ച്ചയായി അസ്വസ്ഥതകള്‍ അനുഭവപ്പെടാം. 

2. തളര്‍ച്ച

തളര്‍ച്ചയാണ് മറ്റൊരു സൂചന. രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോള്‍ മസിലുകള്‍ക്ക് ആവശ്യത്തിന് ഊര്‍ജം ലഭിക്കില്ല. ഇത് തളര്‍ച്ചക്ക് കാരണമാകും. പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്.

3. തലകറക്കം

മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

4. തോള്‍ വേദന

തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക. കൂടാതെ കഴുത്തിലും താടിയെല്ലിലും വേദന അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്‍റെ ലക്ഷണമായിരിക്കും.

5. ചുമ

ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്‍റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.


 

loader