ന്യൂഡല്‍ഹി: ദിവസം അഞ്ച് മണിക്കൂറിലധികം ടി.വി കാണുന്ന പുരുഷന്മാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത്തരക്കാരുടെ ബീജത്തിന്റെ എണ്ണം 35 ശതമാനം വരെ കുറവായിരിക്കുമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ശാരീരിക അധ്വാനം കുറയുന്നതിന് പുറമെ ടി.വി കാണുമ്പോള്‍ വലിയ കലോറി മൂല്യമുള്ള ജങ്ക് ഫുഡുകള്‍ അധികമായി കഴിക്കുമെന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സജീവമായ ജീവിതശൈലിയുള്ളവരെക്കാള്‍ ഇത്തരക്കാരില്‍ 38 ശതമാനം വരെ കൗണ്ട് കുറവായിരിക്കും. ഇതിന് പുറമെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ടി.വിക്ക് മുന്നില്‍ ചിലവഴിക്കുന്ന ഓരോ അധിക മണിക്കൂറിലും 45 ശതമാനം ഇതിനുള്ള സാധ്യത വര്‍ദ്ധിക്കും. ശാരീരിക അധ്വാനം കുറയുന്നതിന് പുറമെ ജങ്ക് ഫുഡുകളിലെ രാസ പദാര്‍ത്ഥങ്ങള്‍, അമ്ല ഗുണമുള്ള ഘടകങ്ങള്‍ ഇവയൊക്കെ ബീജ കോശങ്ങളുടെ ആകൃതിയില്‍ വ്യതിയാനം വരുത്തും. കോശങ്ങള്‍ നശിച്ച് പോകാനും കാരണമാവും. ബിസ്‍ഫിനോള്‍ എ എന്ന രാസപദാര്‍ത്ഥം ബീജത്തിന്റെ സ്വാഭാവിക ഗുണങ്ങളും നശിപ്പിക്കും.
18നും 22നും ഇടയില്‍ പ്രായമുള്ള 200 വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതില്‍ സാധാരണ രീതിയില്‍ സജീവമായ ജീവിതം നയിക്കുന്നവരില്‍ ഏതാണ്ട് 52 മില്യണ്‍/മില്ലീ ലിറ്റര്‍ കൗണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ഏറെ നേരം ടെലിവിഷന് മുന്നില്‍ ചലവഴിക്കുന്ന സ്വാഭാവക്കാരില്‍ ഇത് 37 മില്യനായി കുറഞ്ഞു. എന്നാല്‍ അമിത വ്യായാമവും അലസതയും ഒരുപോലെ ബീജകോശങ്ങളെ നശിപ്പിക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
