വിവാഹം എന്നത് ആരോഗ്യത്തിനും ജീവിതത്തിനും വളരെ നല്ല ഒരു സംഗതിയാണ്. ആയുസ് വര്‍ദ്ധിപ്പിക്കുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിവാഹം സഹായിക്കുന്നു. വിവാഹശേഷം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ശരീരഭാരവും വണ്ണവും കൂടുമത്രെ. എന്താണ് ഇതിന് കാരണം? വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നതാണ് ഇതിനുകാരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്‌പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള കാരണമായി പറയപ്പെടുന്നത്.

ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ബേസല്‍ സര്‍വ്വകലാശാലയിലെ സൈക്കോളജി ഹെല്‍ത്ത് വിഭാഗമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഭക്ഷണം ഏറിയതോതില്‍ കഴിക്കുന്നത് മാത്രമല്ല, വിവാഹശേഷമുള്ള കുഴപ്പം. വിവാഹത്തിനുമുമ്പ് കൃത്യമായി വ്യായാമം ചെയ്തിരുന്നവര്‍ വിവാഹശേഷം അത് കുറയ്‌ക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുകാരണം വിവാഹശേഷം ഒരാളുടെ ബോഡിമാസ്ഇന്‍ഡക്‌സ് കൂടാനും സാധ്യതയുള്ളതായി പഠനത്തില്‍ പറ‍യുന്നുണ്ട്. ഇതും ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കുമത്രെ.

സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.