മൂത്രാശയക്കല്ല് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്.  കിഡ്നി സ്റ്റോൺ പ്രശ്നമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെയാണ് ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.  

വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. 

മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെ നിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌. ആദ്യമേ ചികിത്സിച്ചാൽ മാറാവുന്നതാണ് കിഡ്നി സ്റ്റോൺ. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്‌. കാത്സ്യം ഫോസ്‌ഫേറ്റ്‌, കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുകളാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ശരീരത്ത്‌ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന്‌ കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സാധാരണയായി കാണപ്പെടുന്നത്‌. 

കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്‌. ഇങ്ങനെ വൃക്കയിലെത്തി അരിച്ചു മാറ്റുന്ന കാത്സ്യം കണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന്‌ വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന്‌ കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്‌ഫറസ്‌ കടന്നു പോകുക, പാരാതൈറോയിഡ്‌ ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

ലക്ഷണങ്ങൾ ഇവയൊക്കെ...

അടിവയറ്റിൽ വേദന
ഇരുന്നാലും കിടന്നാലും വേദന ഉണ്ടാവുക. 
ഛർദിക്കാനുള്ള തോന്നൽ.
മൂത്രത്തിൽ രക്തം വരിക.
ശരീരം വിയർക്കുക.
പനിയും വിറയലും.

ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം...

ഉപ്പ് ഒഴിവാക്കുക...

ഉപ്പില്ലാതെ ഭക്ഷണം പലർക്കും അരോചകമാണ്​. എന്നാൽ വൃക്കയിൽ കല്ലുവന്നവർ ഉപ്പിനോട്​ അകലം പാലി​ച്ചേ മതിയാകൂ. ഭക്ഷണത്തിൽ ഉപ്പി​ന്‍റെ അളവ്​ ചുരുക്കണം. മൂത്രത്തിൽ കാത്സ്യത്തിന്റെ അളവ്​ കുറയ്ക്കാൻ ഇത്​ സഹായിക്കും. ഉപ്പി​ന്‍റെ അംശം കൂടുതലുള്ള സ്​നാക്​സ്​, സൂപ്പുകൾ, ഇറച്ചി എന്നിവ ഒഴിവാക്കുന്നതാണ്​ ഗുണകരം. 

പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക...

കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടു​ണ്ടാകും. ഇത്തരം പാലും പാലുൽപ്പന്നങ്ങളും കൂടുതലായാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ്​ ഉയർന്നുനിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാവുകയും ചെയ്യും. 

ചീര,പരിപ്പ് ഒഴിവാക്കാം...

ചീര, സ്​ട്രോബറി, ഗോതമ്പ്​ തവിട്​, കശുവണ്ടിയുടേത്​ ഉൾപ്പെടെയുള്ള പരിപ്പ്, ചായ​ തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അംശം കൂട്ടാൻ വഴിവെക്കും. ഇവയുടെ ഉപയോഗം നി​യന്ത്രിച്ചില്ലെങ്കിൽ വൃക്കയിൽ കല്ലി​ന്‍റെ സാന്നിധ്യം നിലനിർത്തും.

പഞ്ചസാര പാടില്ല...

കാത്സ്യം രൂപപ്പെടുത്തുന്നതിൽ അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരയ്ക്കും പങ്കുണ്ട്​. പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഇവർ ഉപേക്ഷിക്കണം.